വോട്ടെണ്ണലിനിടെ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ
|തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി.
ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടെണ്ണലിനിടെ വിജയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് ബൊക്കെ നൽകിയ പൊലീസ് മേധാവിക്ക് സസ്പെൻഷൻ. തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ഘട്ടത്തിൽ അഞ്ജനി കുമാറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും റെഡ്ഡിയെ കാണാൻ ഹൈദരാബാദിലെ വസതിയിൽ പോയിരുന്നു. തുടർന്ന് ഡിജിപി കോൺഗ്രസ് അധ്യക്ഷന് പൂച്ചെണ്ട് നൽകുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
സംഭവത്തിൽ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥികളിൽ ഒരാളെ ഡിജിപി കണ്ടത് പ്രത്യേക താൽപര്യം നേടാനുള്ള ദുരുദ്ദേശ്യത്തിന്റെ സൂചനയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.
തെലങ്കാനയിൽ കോൺഗ്രസ് സമഗ്ര വിജയത്തിന്റെ മുഖ്യശിൽപിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്ന നേതാവാണ് രേവന്ത് റെഡ്ഡി. സ്വന്തം മണ്ഡലമായ കൊടങ്ങലിനൊപ്പം കെ.സി.ആറിനെ കാമറെഡ്ഡിയിൽ കൂടി തോല്പിച്ചാണ് രേവന്ത് സമ്പൂർണ വിജയം നേടിയത്.
സംസ്ഥാനത്ത് 65 സീറ്റിൽ വ്യക്തമായ ആധിപത്യം നേടിയാണ് കോൺഗ്രസ് ഭരണകക്ഷിയായ ബിആർഎസിനെ തകർത്ത് അധികാരത്തിലെത്തുന്നത്. 39 സീറ്റുകളിൽ മാത്രമാണ് ബിആർഎസിന് ലീഡ്.