തെലങ്കാനയിൽ നങ്കൂരമിട്ട് കോൺഗ്രസ്; അഞ്ചിൽ ഒതുങ്ങി ബി.ജെ.പി
|69 ഇടത്ത് കോൺഗ്രസും 37 സീറ്റുകളില്‍ ബി.ആർ.എസുമാണ്.
തെലങ്കാന: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. നിലം തൊടാതെ ബി.ജെ.പി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 69 ഇടത്ത് കോൺഗ്രസും 37 സീറ്റുകളില്‍ ബി.ആർ.എസുമാണ്.. ബി.ജെ.പി അഞ്ച് സീറ്റുകളിലുമാണ്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.
തെലങ്കാനയിൽ ബി.ആർ.എസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ പ്രകാരം ബി.ആർ.എസിന് പരമാവധി 47 സീറ്റുകൾ ലഭിക്കുമ്പോൾ 79 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടും.
ജൻ കീ ബാത്തിന്റെ സർവേ പ്രകാരം 48 മുതൽ 64 സീറ്റുകൾ വരെ നേടി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തും. ബി.ആർ.എസ് 40 മുതൽ 55 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകൾ ലഭിക്കുമ്പോൾ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകൾ വരെ കിട്ടും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ സർവേയും തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. 59 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രചവനം.
അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് പോസ്റ്റുകള്‍ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങൾ നടക്കുകയാണെന്നും ഡിസംബർ 9ന് സർക്കാർ രൂപീകരിക്കുമെന്നും പോസ്റ്ററുകളിൽ പറയുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസ് 75-95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദില്‍ പറഞ്ഞു. ബിആര്‍എസിന് 15 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 6-7 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.