India
telengana youth congress misunderstood k sudhakaran and v d satheesan
India

'തെലങ്കാനയിൽ നിന്നും കോൺഗ്രസിൽ ചേർന്നവർ': സുധാകരന്‍റെയും സതീശന്‍റെയും ചിത്രം പങ്കുവെച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസ്

Web Desk
|
26 Jun 2023 3:13 PM GMT

വി.ഡി സതീശനെയും കെ സുധാകരനെയും കോൺഗ്രസിൽ ചേര്‍ന്ന ബി.ആര്‍.എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു

ഡല്‍ഹി: തെലങ്കാനയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ബി.ആര്‍.എസ് നേതാക്കളെ കുറിച്ചുള്ള ട്വീറ്റില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ചിത്രം പങ്കുവെച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസ്. ട്വീറ്റ് ഇങ്ങനെ-

"മുൻ എം.പി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയും തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും മറ്റ് ബി.ആർ.എസ് നേതാക്കളും ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു"- ഈ ട്വീറ്റിനൊപ്പമുള്ളത് രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ചു നില്‍ക്കുന്ന കെ സുധാകരന്‍റെയും വി.ഡി സതീശന്‍റെയും ചിത്രമാണ്.

ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കെത്തിയ വി.ഡി സതീശനെയും കെ സുധാകരനെയും കോൺഗ്രസിൽ ചേര്‍ന്ന ബി.ആര്‍.എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും വി.ഡി സതീശനും കെ സുധാകരനും ധരിപ്പിച്ചു. സംഘടനാ കാര്യങ്ങൾക്കൊപ്പം മോൻസനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെട്ട ഹൈക്കമാൻഡ് പൂർണ പിന്തുണ ഉറപ്പ് നൽകിയതായി ജൻപഥ് പത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും വ്യക്തമാക്കി. 15 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുത്തു.

അതിനിടെ തെലങ്കാനയിലെ 35 ബി.ആര്‍.എസ് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസിലെത്തി. മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുൻ എം.എൽ.എമാരായ പനയം വെങ്കിടേശ്വരലു, കോരം കനകയ്യ, കോടറാം ബാബു, ബി.ആർ.എസ് എം.എൽ.എ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡി എന്നിവരും കോണ്‍ഗ്രസിലെത്തി.

Related Tags :
Similar Posts