താപനില മൂന്ന് ഡിഗ്രിക്ക് താഴെ; ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു
|കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമാണ് റെഡ് അലർട്ട്
ഡല്‍ഹി: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. ഡൽഹിയിൽ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമാണ് റെഡ് അലർട്ട്.
താപനില താഴുന്നതിന് ഒപ്പം മൂടൽമഞ്ഞ് കനത്തത് ജനജീവിതം ദുസ്സഹമാക്കി. ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമാണ്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം ഏതാനും മീറ്ററുകൾ മാത്രമാണ് കാഴ്ച പരിധി. മൂടൽമഞ്ഞ് മൂലം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ 180 ൽ അധികം വിമാനങ്ങൾ വൈകി.
267 ട്രെയിനുകൾ റദ്ദാക്കി. 170 ട്രെയിനുകൾ 2 മുതൽ 5 മണിക്കൂർ വരെ വൈകിയോടുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 1.9 ഡിഗ്രി സെൽഷ്യസ്. രക്തം കട്ട പിടിക്കൽ, ഹാർട്ട് അറ്റാക്ക് എന്നിവ മൂലമുള്ള മരണങ്ങളും വർധിച്ചു. അതിശയം തുടരുന്ന പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.