India
India
നൂറ്റാണ്ടിലെ ഏറ്റവും നീണ്ട കോൺഗ്രസ് യാത്ര; ഭാരത് ജോഡോ യാത്രയുടെ പത്തു സവിശേഷതകൾ
|7 Sep 2022 1:13 PM GMT
രാഹുലടക്കമുള്ള കോൺഗ്രസ് നേതാക്കളും അണികളും രണ്ടു ബാച്ചുകളായി ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് 6.30 വരെ നടക്കും
കന്യാകുമാരി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെയായി നടക്കുന്ന ഭാരത് ജോഡോ യാത്ര തുടങ്ങിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ പതാക രാഹുൽഗാന്ധിക്ക് കൈമാറിയതോടെയാണ് പദയാത്രക്ക് തുടക്കമായത്.
- 'ഒരുമിക്കുന്ന ചുവടുകൾ... ഒന്നാകുന്ന രാജ്യം' എന്നാണ് യാത്രയുടെ മുദ്രാവാക്യം.
- ഈ നൂറ്റാണ്ടിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും നീണ്ട യാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെയായി ആറു മാസം നീളുന്നതാണ് യാത്ര.
- 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11ന് കേരളത്തിലെത്തും.
- അസുഖ ബാധിതയായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നില്ല. എന്നാൽ യാത്രയുടെ ചിന്തയിലും ആവേശത്തിലും ഒപ്പമുണ്ടെന്നാണ് അവർ പറയുന്നത്.
- യാത്രക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും രാജ്യത്തെ ഒറ്റക്കെട്ടാക്കാനുമാണ് യാത്രയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പക്ഷേ, വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തുമെന്നും അവർ പറയുന്നു.
- കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് യാത്ര. രാഹുൽ സ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതിനാലാണ് തീരുമാനം നീണ്ടുപോയിരുന്നത്. പാർട്ടിയിലെ ഒരു വിഭാഗം ഗാന്ധി കുടുംബത്തിന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നത്.
- ശക്തിയുള്ള കോൺഗ്രസ് ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് അനിവാര്യമാണെന്നാണ് ജയ്റാം രമേശടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് യാത്ര വഴിയൊരുക്കുമെന്ന് പ്രതീക്ഷപ്പെടുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടടക്കം ഇക്കാര്യം പറയുന്നു.
- ശ്രീപെരുംപുതൂരിലെ പിതാവ് രാജീവ് ഗാന്ധിയുടെ സ്മാരകം സന്ദർശിച്ചാണ് രാഹുൽ യാത്രയിലേക്കിറങ്ങിയത്. 1991 മേയ് 21ന് അവിടെ വെച്ചാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 'വിഭജന വിദ്വേഷ രാഷ്ട്രീയത്തിലൂടെയാണ് എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടത്. എനിക്ക് മാത്രമല്ല, എന്റെ പ്രിയ രാജ്യത്തിനും. സ്നേഹം വിദ്വേഷത്തെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒന്നിച്ച് നാം മറികടക്കും' സന്ദർശന ശേഷം രാഹുൽ ട്വിറ്ററിൽ കുറിച്ചു.
- രാഹുലടക്കമുള്ള കോൺഗ്രസ് നേതാക്കളും അണികളും രണ്ടു ബാച്ചുകളായി ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് 6.30 വരെ നടക്കും. 12 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും 150ലേറെ ദിവസങ്ങൾ കൊണ്ട് സന്ദർശിക്കും.
- യാത്രയുടെ നായകനായ രാഹുൽ ഷിപ്പിങ് കണ്ടെയ്നർ കാബിനിലാണ് താമസിക്കുക. ബെഡ്, ശുചിമുറി, എയർകണ്ടീഷൻ സൗകര്യങ്ങൾ അതിനകത്തുണ്ട്. മറ്റു യാത്രികർക്കും കണ്ടെയ്നറുകളുണ്ട്.
വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കുക എന്നൊരു ലക്ഷ്യം കൂടി യാത്രയ്ക്കുണ്ട്. കോൺഗ്രസ് വലിയ തിരിച്ചടികൾ നേരിടുന്ന കാലത്ത് ഒരുതിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര.
Ten Features of Bharat Jodo Yatra