സർക്കാരിന്റേത് ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയം, മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ രൂപമാണ് ഭീകരത : അമിത് ഷാ
|തീവ്രവാദത്തിനെതിരായ നടപടി മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
നരേന്ദ്ര മോദി സർക്കാർ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തീവ്രവാദത്തെ ഇന്ത്യൻ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ രൂപമാണ് ഭീകരതയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പതിമൂന്നാം സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തീവ്രവാദത്തിനെതിരായ നടപടി മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ ഫണ്ടിംഗിനെതിരെയും തീവ്രവാദികളെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീവ്രവാദമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം, തീവ്രവാദത്തിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റവുമധികം പേറുന്ന ഏതെങ്കിലും രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് മനുഷ്യാവകാശ സംഘടനകളുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്, തീവ്രവാദ വിരുദ്ധ നടപടി ഉണ്ടാകുമ്പോഴെല്ലാം ചില മനുഷ്യാവകാശ സംഘടനകൾ വിഷയം ഉന്നയിക്കാൻ മുന്നോട്ട് വരും'. എന്നാൽ തീവ്രവാദത്തേക്കാൾ വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടാകില്ലെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. എൻഐഎ തീവ്രവാദ ഫണ്ടിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ ഈ കേസുകൾ വലിയ തോതിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തീവ്രവാദ ഫണ്ടിംഗിനെതിരെ കൃത്യമായ നടപടിയുണ്ടായിരുന്നില്ലെന്നാണ് അമിത് ഷാ അറിയിച്ചത്. 'നമുക്ക് ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയണം. അതിനാൽ, തീവ്രവാദ ഫണ്ടിംഗ് സംവിധാനത്തെ നശിപ്പിക്കണം. എൻ.ഐ.എയുടെ പ്രവർത്തനം കാരണം തീവ്രവാദത്തെ സഹായിക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി, സാമ്പത്തിക വളർച്ച, തുല്യ വികസനം, തീവ്രവാദം അവസാനിപ്പിക്കൽ എന്നിവ ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും പ്രധാന ലക്ഷ്യങ്ങളാണ്, ഇന്ത്യയില്ലാതെ ലോകരാജ്യങ്ങൾക്ക് ഒരു ലക്ഷ്യവും കൈവരിക്കാനാകില്ലെന്ന തിരിച്ചറിവ് ലോകമെമ്പാടും ഉണ്ടെന്നും, അതിനാൽ ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ 13 വർഷത്തെ എൻഐഎയുടെ പങ്കിനെ അഭിനന്ദിച്ച ആഭ്യന്തര മന്ത്രി, അടുത്ത 25 വർഷത്തേക്ക് (ആസാദി കാ അമൃത് കാൽ) ചില പ്രതിജ്ഞകൾ ഏജൻസി എടുക്കണമെന്നും അവയിൽ വിജയം കൈവരിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.