കശ്മീരിൽ രണ്ടിടങ്ങളിലായി ഭീകരാക്രമണം; ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു, വിനോദസഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്
|തിങ്കളാഴ്ചയാണ് ബാരാമുള്ള മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി ഭീകരാക്രമണം. ഷോപിയാനിലും അനന്ത്‌നാഗിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബിജെപി നേതാവ് കൊല്ലപ്പെടുകയും ജയ്പൂരിൽ നിന്നുള്ള വിനോദസഞ്ചാര ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ഷോപ്പിയാൻ ജില്ലയിലെ ഹീർപോരയിലാണ് ബി.ജെ.പി മുൻ ഗ്രാമമുഖ്യനായ ഐജാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. വീടിനുള്ളിൽ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഹീർപോരയിൽ രാത്രി 10.30 ഓടെയാണ് ഐജാസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഐജാസ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, അനന്ത് നാഗിലെ യന്നാറിലെ വിനോദസഞ്ചാര ക്യാമ്പിന് നേരെയുണ്ടായ വെടിവെപ്പിലാണ് ജയ്പൂർ സ്വദേശികളായ രണ്ടുപേർക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ തബ്രോസ്, ഭാര്യ ഫർഹ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കശ്മീർ സോൺ പൊലീസ് സോഷ്യൽമീഡിയയായ എക്‌സിൽ അറിയിച്ചു.സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്ഥലം സേന വളഞ്ഞിട്ടുണ്ട്.
ബാരാമുള്ള മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്. അനന്ത്നാഗ് മെയ് 25 നാണ് വോട്ടടെടുപ്പ് നടക്കുന്നത്.തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് രണ്ടിടത്തും ആക്രമണമുണ്ടായത്. ബിജെപി, നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമണത്തെ അപലപിച്ചു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ചു. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും പൊതുതെരഞ്ഞെടുപ്പിനിടെ മേഖലയിൽ നടന്ന ഭീകരാക്രമണങ്ങളെ വിമർശിച്ച് രംഗത്തെത്തി.