India
ഷോപിയാനിൽ സുരക്ഷാ സേനക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം
India

ഷോപിയാനിൽ സുരക്ഷാ സേനക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം

Web Desk
|
17 Aug 2022 5:05 AM GMT

പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന സേനക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ ഇരുട്ടിന്റെ മറവിൽ രക്ഷപെടുകയായിരുന്നു

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരർ. കുത്പോറയിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെ (CASO) ആയിരുന്നു സംഭവം. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണെന്ന് കശ്മീർ സോൺ പൊലീസ് പറഞ്ഞു.

പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന സേനക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ ഇരുട്ടിന്റെ മറവിൽ രക്ഷപെടുകയായിരുന്നു. ഇതിനിടെ പൊലീസും സുരക്ഷാ സേനയും ചേർന്ന് പ്രദേശത്തെ ഒരു വീട്ടിൽ സജ്ജമാക്കിയിരുന്ന ഭീകരരുടെ ഒളിത്താവളം തകർത്തു. ആയുധങ്ങൾ, മാപ്പുകൾ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾ വർധിച്ച് വരികയാണ്. സാധാരണക്കാർക്ക് നേരെയും ഭീകരർ അക്രമം തുടരുന്നു എന്നതാണ് ആശങ്കയുയർത്തുന്നത്. ചൊവ്വാഴ്ച, ഷോപ്പിയാൻ ജില്ലയിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെടുകയും ഇദ്ദേഹത്തിന്റെ സഹോദരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുനിൽകുമാർ ഭട്ടും സഹോദരൻ പിന്റുവുമാണ് കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. കശ്മീരിലെ പോലീസ് കൺട്രോൾ റൂമിന് നേരെ ചില ഭീകരർ ഗ്രനേഡ് എറിഞ്ഞതായും സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസുകാരന് പരിക്കേറ്റതായും കശ്മീർ പോലീസ് അറിയിച്ചു. ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഖൈമോ മേഖലയിൽ ഭീകരർ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷോപിയാനിലും ആക്രമണമുണ്ടായത്.

Similar Posts