തമിഴക വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
|രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്
ചെന്നൈ: സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന് വിജയ്. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയത്.രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരെയും തെരഞ്ഞെടുത്തു. " 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യം'' വിജയ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും ഇവയൊക്കെ തള്ളി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി താരത്തിന്റെ വരവ്. 2026ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് വിജയ് നേരത്തെ സൂചനകൾ നൽകിയിരുന്നു. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയും രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു.
കഴിഞ്ഞ ജൂണില്‍ വിജയ് മക്കള്‍ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്.പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു.
പരിപാടിയ്ക്ക് ശേഷം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യവും ഉയര്‍ന്നു. ചടങ്ങില്‍ 'ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ 15 കോടി ആയി. അപ്പോള്‍ അയാള്‍ അതിനു മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയണം. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാന് പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം' എന്നാണ് വിജയ് പറഞ്ഞത്.