'വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി'; നരേന്ദ്ര മോദി
|നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമ നിർമ്മാണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും മികച്ച പിന്തുണയോടെ ബിൽ പാസാക്കിയതിൽ സന്തോഷമുണ്ട്. നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമനിർമ്മാണമാണ്. അത് സ്ത്രീ ശാക്തീകരണത്തിനും നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Delighted at the passage of The Constitution (One Hundred and Twenty-Eighth Amendment) Bill, 2023 in the Lok Sabha with such phenomenal support. I thank MPs across Party lines who voted in support of this Bill.
— Narendra Modi (@narendramodi) September 20, 2023
The Nari Shakti Vandan Adhiniyam is a historic legislation which…
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ഇന്നാണ് ലോക്സഭയിൽ പാസായത്. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും രണ്ട് എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും.
ഭരണ ഘടനയുടെ 128-ാമത് ഭേദഗതിയാണിത്. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അതരിപ്പിച്ച വനിതാ സംവരണ ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യസഭയിലും ബില്ല് പാസായാൽ രാഷ്ട്രപതി ഒപ്പ് വെച്ച് ബിൽ നിയമമാകും. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനാൽ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും.
അതേ സമയം ഒ.ബി.സി സംവരണ ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് എൻ.കെ പ്രേമചന്ദ്രൻ ഭേദഗതി പിൻവലിച്ചു. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം ശബ്ദവോട്ടോടെയും തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു നിർദേശം.