'രാഹുലിനെ കേൾക്കാൻ ബിജെപിക്ക് താല്പര്യമില്ല'; ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ശശി തരൂർ
|രാജ്യത്ത് ജനാധിപത്യം ക്രിയാത്മകമായി പ്രവർത്തിക്കുന്നെങ്കിൽ തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണം എന്നാണ് രാഹുലിന്റെ നിലപാട്
ന്യൂഡല്‍ഹി: ലോക്‌സഭയിൽ സംസാരിക്കാൻ രാഹുൽഗാന്ധിക്ക് സ്പീക്കർ അവസരം നൽകിയില്ലെന്ന് ശശി തരൂർ എംപി. ഇന്നും അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവസരം കൊടുത്തില്ല. രാഹുൽ ഗാന്ധിയെ കേൾക്കാൻ ബിജെപിക്ക് താത്പര്യമില്ല. രാഹുൽ സംസാരിക്കാൻ തുടങ്ങിയാൽ തടസപ്പെടുത്താൻ ബിജെപി ശ്രമിക്കും. പറയാത്ത കാര്യമാണ് രാഹുൽ പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നത്. ഇത് അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും തരൂർ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതോടെ പാർലമെൻറ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുകയാണ്. തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം കൂടി ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇരുസഭകളും രണ്ട് മണിവരെ നിർത്തിവെച്ചു.
18 പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. രണ്ട് മണിക്ക് സഭാ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ അപമാനിച്ചുവെന്ന ആരോപണത്തിൽ ലോക്‌സഭയിൽ സംസാരിക്കാൻ അവസരം തേടി രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയെ കണ്ടു. രാജ്യത്ത് ജനാധിപത്യം ക്രിയാത്മകമായി പ്രവർത്തിക്കുന്നെങ്കിൽ തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണം എന്നാണ് രാഹുലിന്റെ നിലപാട്.
എന്നാല്‍ രാജ്യത്തിനിതിരെ സംസാരിച്ചിട്ടില്ലെന്ന് രാഹുൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് ലണ്ടനിൽ നടത്തിയ പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.