'മതേതരത്വത്തിന്റെ ആത്മാവ് നിലനിർത്തുകയാണ് യു.പി മതപരിവർത്തന നിരോധന നിയമത്തിന്റെ ലക്ഷ്യം': അലഹബാദ് ഹൈക്കോടതി
|നിയമത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു
ലഖ്നൗ: ഇന്ത്യയിലെ മതേതരത്വത്തിൻ്റെ ആത്മാവ് നിലനിർത്തുക എന്നതാണ് യു.പി മതപരിവർത്തന നിരോധന നിയമത്തിൻ്റെ ലക്ഷ്യമെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയെന്നാരോപിച്ച് മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത അജീം എന്ന യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വകുപ്പിലെ മൂന്ന്, എട്ട് വകുപ്പുകളുടെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
‘എല്ലാ വ്യക്തികൾക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുക എന്നതാണ് യു.പി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിൻ്റെ അടിസ്ഥാന ലക്ഷ്യവും കാരണവും. ഇന്ത്യയിൽ മതേതരത്വത്തിൻ്റെ ആത്മാവ് നിലനിർത്തുക എന്നതാണ് ഈ നിയമത്തിൻ്റെ ലക്ഷ്യം’ -കോടതി പറഞ്ഞു.
'ഓരോ വ്യക്തിക്കും തൻ്റെ മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ, മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തിനുള്ള വ്യക്തിഗത അവകാശം മതപരിവർത്തനത്തിനുള്ള കൂട്ടായ അവകാശം രൂപപ്പെടുത്തുമെന്ന് അർഥമാക്കുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതം മാറുന്ന വ്യക്തിക്കും മതം മാറാൻ ശ്രമിക്കുന്ന വ്യക്തിക്കും തുല്യമാണ്.'
നിയമത്തിലെ മൂന്നാം വകുപ്പ് ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം ചെലുത്തൽ, നിർബന്ധം, വശീകരണം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ സംരക്ഷിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
'കേസിൽ, ഇര നേരിട്ടാണ് പരാതി നൽകിയത്. പ്രതിയും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നെന്നാണ് പരാതി. യുവതിയെ തടവിലാക്കി തനിക്ക് അസ്വീകാര്യമായ ചില ഇസ്ലാമിക ആചാരങ്ങൾ അനുഷ്ഠിക്കാൻ പ്രതിയും കുടുംബാംഗങ്ങളും നിർബന്ധിക്കുകയായിരുന്നു'- കോടതി പറഞ്ഞു.
നിർബന്ധിത മതപരിവർത്തന നിരോധന നിയമം രാജ്യത്ത് ആദ്യമായി നിലവിൽ വന്ന സംസ്ഥാനമാണ് യുപി. ഈ നിയമത്തിന്റെ 2023 ഭേദഗതി അടുത്തിടെയാണ് യു.പി സർക്കാർ പാസാക്കിയത്. ഈ നിയമപ്രകാരം ഒരു വ്യക്തി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കുറ്റാരോപണം നേരിട്ടാല്‍ നിരപരാധിയാണെന്ന് അയാള്‍ തന്നെ തെളിയിക്കണം. ചില കേസുകളിൽ ജീവപര്യന്തം ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളും ഭേദഗതിയിലൂടെ കൊണ്ടുവന്നു.
മതസമ്മേളനങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറുമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. രാജ്യത്തെ ജനങ്ങൾ ഇതിനെതിരേ നിലകൊള്ളേണ്ടതുണ്ടെന്നടക്കം വിമർശനങ്ങളുണ്ടായിരുന്നു.