എൻജിനിൽ തീ; കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
|വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്
ബംഗളൂരു: കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ശനിയാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പറന്നുയർന്ന് അഞ്ച് മിനിറ്റിനകം രാത്രി 11.12ന് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനത്തിന്റെ വലതുവശത്തെ എൻജിനിലാണ് തീ പടർന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എമർജൻസി ലാൻഡിങ് നടത്തി ഉടൻ തന്നെ ആളുകളെ പുറത്തെത്തിച്ചു. മുഴുവൻ യാത്രക്കാരെയും പരിക്കൊന്നും ഏൽക്കാതെ പുറത്തെത്തിക്കാൻ സാധിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എൻജിനുകളിൽ ഒന്നിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. ഉടൻ തന്നെ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം ഇറങ്ങിയ ഉടൻ തീ അണക്കുകയും ചെയ്തു. 179 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാനും സാധിച്ചെന്നും അധികൃതർ പറഞ്ഞു.
യാത്രക്കാർക്ക് ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.