അലീഗഢിന്റെ ന്യൂനപക്ഷ പദവി തുടരാമെന്ന വിധി: മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർണായകം
|1967ലെ സുപ്രിംകോടതി വിധി കൂടിയാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്
ന്യൂഡൽഹി: അലീഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരാമെന്ന സുപ്രിം കോടതി വിധി രാജ്യത്തെ മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കൂടി വലിയ ആശ്വാസം നൽകുന്നതാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. നാലുപേർ ന്യൂനപക്ഷ പദവിയെ അനുകൂലിച്ചപ്പോൾ മൂന്നുപേർ ഇതിനെ എതിർത്തു.
അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന 1967ലെ സുപ്രിംകോടതി വിധി കൂടിയാണ് ഇവിടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച മാർഗരേഖ കോടതി പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനം ആണോ എന്ന കാര്യത്തിൽ മൂന്നംഗ ബെഞ്ച് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
ഏതൊരു പൗരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനവും ഭരണഘടനയുടെ 19(6) അനുച്ഛേദ പ്രകാരം നിയന്ത്രിക്കാം. എന്നാൽ, ഭരണഘടനയുടെ 30-ാം അനുച്ഛേദം ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങളുടെ കാര്യം വരുമ്പോൾ ഈ നിയന്ത്രണാവകാശം പരമമല്ലെന്ന് അലീഗഢ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവത്തിനെ അതിലംഘിച്ചുകൊണ്ട് സർക്കാർ നിയന്ത്രണം സാധ്യമല്ലെന്ന് സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
പാർലമെന്റിന്റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ വിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി. ആ വിധിയല്ല, ഈ വിധിയായിരിക്കും അലീഗഢിന്റെ ന്യൂനപക്ഷ പദവി നിർണയിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ഭൂരിപക്ഷ വിധിന്യായം വായിച്ച് പറഞ്ഞു.
ഇതോടെ, അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അസീസ് ബാഷ കേസിലെ സുപ്രീംകോടതിവിധി ദുർബലമായി. ഇതിന്റെ ചുവടുപിടിച്ച് ഹൈകോടതികളും സുപ്രീംകോടതികളും പുറപ്പെടുവിച്ച വിധികളും ദുർബലമായി. ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ അടക്കം ഇന്ത്യയിലെ മത, ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന നിർണായക വിധിയായി ഇത് മാറും.
സ്വാഗതം ചെയ്ത് അധ്യാപകരും വിദ്യാർഥികളും
കോടതി നടപടികൾ നിരീക്ഷിച്ചുകൊണ്ടിരുന്ന അലീഗഢിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കുമെല്ലാം ഇത് സ്വാഗതാർഹമായ വിധിയാണ്. 1967ലെ വിധിയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് സർവകലാശാലയിലെ പ്രഫസർ അഫ്താബ് ആലം പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ഒരു ന്യൂനപക്ഷ സ്ഥാപനമെന്ന് തെളിയിക്കാൻ അലീഗഢിന് ഇനി എളുപ്പമായിരിക്കുമെന്നും അഫ്താബ് ആലം പറയുന്നു.
സുപ്രിംകോടതി വിധി പുറത്തുവന്നതോടെ പൂർവ വിദ്യാർഥികളടക്കം സർവകലാശലാ പരിസരത്ത് ഒത്തുകൂടുകയും മധുരവിതരണം നടത്തുകയും ചെയ്തു. സർവകലാശാലയുടെ ഭരണവും സാഹോദര്യവും സുപ്രിംകോടതി വിധിയിലൂടെ അംഗീകരിക്കപ്പെടുകയാണെന്ന് പബ്ലിക് റിലേഷൻസ് ഓഫിസർ ഉമർ എസ്. പീർസാദ പറഞ്ഞു.
തൽക്കാലം ഞങ്ങൾക്ക് ആശ്വാസം ലഭിച്ചുവെന്ന് സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഉബൈദ് സിദ്ദീഖി പറഞ്ഞു. അലീഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ സ്വഭാവം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ മുസ്‍ലിം സമൂഹം ഇപ്പോഴും മറ്റു സമുദായങ്ങളുടെ ഒപ്പമെത്തിയിട്ടില്ല. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ആധുനിക വിദ്യാഭ്യാസം നേടാനുള്ള പോരാട്ടമാണിത്. അങ്ങനെയാണ് മുസ്‍ലിം സമൂഹം മറ്റുള്ളവരുടെ ഒപ്പമെത്തുക. എസ്.സി, എസ്.ടി, ഒബിസി സംവരണത്തെ തങ്ങൾ എതിർക്കുന്നില്ല. എന്നാൽ, മുസ്‍ലിം സമൂഹത്തിന് ആധുനിക വിദ്യാഭ്യാസം ലഭിക്കുന്ന ചില സ്ഥാപനങ്ങൾ ഉണ്ടാകണമെന്നാണ് ലക്ഷ്യമെന്നും ഉബൈദ് സിദ്ദീഖി കൂട്ടിച്ചേർത്തു.
അലീഗഢിന്റെ ചരിത്രവും കേസിന്റെ നാൾവഴികളും
ഇന്നത്തെ ഉത്തർ പ്രദേശിൽ സാമൂഹിക പരിഷ്‌കർത്താവായ സർ സയ്യിദ് അഹ്മദ് ഖാൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് 1875ൽ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജാണ് ചരിത്രപ്രസിദ്ധമായ അലീഗഢ് മുസ്‌ലിം സർവകലാശാലയാകുന്നത്. ഇന്ത്യൻ മുസ്‌ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ കലാലയമാണിത്.
1920ൽ സെൻട്രൽ ലെജിസ്ലേച്ചർ അലീഗഢ് ആക്‌ട് പാസാക്കിയതോടെ ആംഗ്ലോ ഓറിയന്റൽ കോളജ് അലീഗഢ് മുസ്‌ലിം സർവകലാശാലയായി മാറുകയായിരുന്നു. 1967 ഒക്ടോബർ 30നുള്ള അഞ്ചംഗ ബെഞ്ച് വിധിയിലൂടെയാണ് അലീഗഢിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നത്.
1981 ൽ ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനം പ്രോത്സാഹി പ്പിക്കുകയെന്നത് സ്ഥാപനത്തിന്റെ ലക്ഷ്യമായി വ്യവസ്ഥചെയ്‌ത് അലീഗഢ് നിയമം ഭേദഗതി ചെയ്തു. 2005ൽ അലീഗഢ് ആക്‌ടിലെ അഞ്ചാം വകുപ്പിന്റെ പരിധിയിൽനിന്നുകൊണ്ട് മെഡിക്കൽ പി.ജി പ്രവേശനത്തിന് സർവകലാശാല 50 ശതമാനം മുസ്‌ലിം സംവരണം ഏർപ്പെടുത്തി. ഇതിനെതിരെ 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ചില കേന്ദ്രങ്ങൾ അലഹബാദ് ഹൈകോടതിയിലെത്തി. തുടർന്ന് ഹൈകോടതി പ്രവേശന നടപടി റദ്ദാക്കി.
2006ൽ ഹൈകോടതി വിധിക്കെതിരെ സർവകലാശാല സുപ്രിംകോടതിയിലെത്തി. അന്നത്തെ കേന്ദ്ര സർക്കാർ (യുപിഎ) അലീഗഢ് സർവകലാശാല നിലപാടിനൊപ്പമായിരുന്നു. 2006 ഏപ്രിൽ 24ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്റെ ബെഞ്ച്, സംവരണ നീക്കത്തിന് സ്റ്റേ ഏർപ്പെടുത്തി. വിഷയം ഭരണഘടനപരമാണോ എന്ന് നിശ്ചയിക്കാൻ കേസ് വിപുല ബെഞ്ചിലേക്ക് വിട്ടു.
2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ അലീഗഢിനോടുള്ള ഭരണകൂട മനോഭാവവും മാറി. 2016ൽ അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നും അലഹബാദ് ഹൈകോടതി വിധിക്കെതിരെ യുപിഎ സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2019ലാണ് കേസ് വിശദമായി പരിശോധിച്ച് വിധി പുറപ്പെടുവിക്കാൻ ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ഈ ബെഞ്ചാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.