ബംഗാളിൽ ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ടും പ്രാബല്യത്തിലായില്ല
|ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഗവർണർ ബിൽ എത്രയും വേഗം പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്
കൊൽക്കത്ത: ആൾക്കൂട്ട ആക്രമണത്തിന് എതിരെ നടപടിയെടുക്കാൻ രാജ്യത്ത് ആദ്യമായി നിയമനിർമാണം നടത്തി ബിൽ പാസാക്കിയ സംസ്ഥാനമാണ് ബംഗാൾ. എന്നാൽ, ബിൽ നിയമസഭ പാസാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഒരുമാസത്തിനിടെ മൂന്ന് ആൾക്കൂട്ടകൊലകളും 12 ആൾകൂട്ട ആക്രമണങ്ങളുമാണ് ബംഗാളിൽ നടന്നത്. ഇതോടെ ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുന്ന ആൾകൂട്ട ആക്രമണ വിരുദ്ധ ബിൽ വീണ്ടും ചർച്ചയാകുകയാണ്.
ആൾകൂട്ട ആക്രമണത്തിന് ഇരയാകുന്ന ദുർബലരായ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019ൽ മുഖ്യമന്ത്രി മമതാ ബാനർജി ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സഭയിൽ പാസാക്കിയ ബിൽ അന്നത്തെ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിന്റെ പരിഗണയിൽ എത്തിയെങ്കിലും ബിൽ പാസാക്കിയില്ല. കരട് രേഖയിൽ പരമാവധി ശിക്ഷയായ വധശിക്ഷ ഉൾപ്പെടുത്താതിരുന്നതോടെ ഗവർണർ ബിൽ തടഞ്ഞുവെക്കുകയും ആഭ്യന്തരസെക്രട്ടറിയോടും നിയമസെക്രട്ടറിയോടും വിശദീകരണം തേടുകയും ചെയ്തു. അച്ചടി പിഴവ് സൂക്ഷ്മ പരിശോധനയിൽ കണ്ടെത്താൻ കഴിയാതിരുന്നതാണ് വധശിക്ഷ പരാമർശിക്കാതിരുന്നതെന്ന് നിയമവകുപ്പ് ഗവർണർക്ക് മറുപടി നൽകിയെങ്കിലും പിന്നീട് ബിൽ പരിഗണനക്ക് എടുത്തില്ല.
നിലവിൽ ഗവർണരായ സി.വി ആനന്ദബോസും ബിൽ പരിഗണിച്ചിട്ടില്ല. ആൾകൂട്ടആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഗവർണർ ബിൽ എത്രയും വേഗം പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.