സത്യേന്ദ്ര ജെയിനിന്‍റെ അറസ്റ്റ് ബി.ജെ.പിയും ആം ആദ്മിയുമായുള്ള കൊമ്പ് കോർക്കലിന് തീവ്രത കൂട്ടി
|ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ആപ് കടന്നു കയറുന്നതാണ് ആശങ്കപ്പെടുത്തുന്നത്
ഡല്‍ഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ അറസ്റ്റ് ബി.ജെ.പിയും ആം ആദ്മിയുമായുള്ള കൊമ്പ് കോർക്കലിന് തീവ്രത കൂട്ടി. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ആപ് കടന്നു കയറുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ജയിന്‍റെ അറസ്റ്റ് ആം ആദ്മി മുൻകൂട്ടി കണ്ടിരുന്നു എന്നതാണ് വാസ്തവം.
പഞ്ചാബ് തെരെഞ്ഞെടുപ്പിന് മുൻപേ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഉണ്ടായിരുന്നു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലികളിൽ കേജ്‍രിവാൾ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അറസ്റ്റ് ചെയ്‌താൽ ഗുണം ചെയ്യുന്നത് കോൺഗ്രസിന് ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി പിൻവലിഞ്ഞത്.
ഹിമാചൽ പ്രദേശിൽ ആം ആദ്മി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ജെയിനിനെ അടിസ്ഥാനരഹിതമായ കേസിൽ കുടുക്കുന്നു എന്നാണ് മനീഷ് സിസോദിയയുടെ ആരോപണം. ജയിനെതിരെ സി.ബി. ഐ നേരത്തേ തന്നെ കെസ് രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് ഘട്ടങ്ങളിളായി കോടിക്കണക്കിനു രൂപ വെളുപ്പിച്ചെന്നാണ് സി.ബി.ഐ ആരോപണം. ഈ എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ചതും അറസ്റ്റ് ചെയ്തതും. കോൺഗ്രസിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും തുല്യ ശക്തിയായി ബി.ജെ.പി പരിഗണിക്കാൻ തുടങ്ങുന്നത് വലിയ രാഷ്ട്രീയകാര്യങ്ങൾക്കു വഴിയൊരുക്കും.