'മോദി എന്ത് ഉദ്ഘാടനം ചെയ്താലും അത് ചോര്‍ന്നൊലിക്കും, 10 വര്‍ഷമായി ബിജെപി എന്താണ് ചെയ്തത്?'; പ്രധാനമന്ത്രിക്കെതിരെ ഖാര്‍ഗെ
|ബുധനാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബിജെപി രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളും വികസന പദ്ധതികളും ചോര്‍ന്നൊലിക്കുകയും തകരുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ 10 വർഷമായി ബിജെപി ഒന്നും ചെയ്തിട്ടില്ല. എവിടെയെങ്കിലും ഒരു പാലം ഉദ്ഘാടനം ചെയ്തിട്ടുണ്ടോ അതു തകര്‍ന്നിരിക്കും. രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു, ഇപ്പോൾ മേൽക്കൂര ചോർന്നൊലിക്കുന്നു. മോദി എവിടെ എന്ത് ഉദ്ഘാടനം ചെയ്താലും അവസ്ഥ ഇതാണ്. അദ്ദേഹം തൊട്ടാല്‍ അത് നല്ലതാകുമെന്ന് ആളുകള്‍ പറയുന്നു. പക്ഷെ ഇങ്ങനെ തൊട്ടാല്‍ എന്താണ് സംഭവിക്കുന്നത്. മാത്രവുമല്ല, എവിടെ വെള്ളപ്പൊക്കം ഉണ്ടായാലും ദുരിതാശ്വാസത്തിന് പണമില്ല. ഇതാണ് രാജ്യത്തിൻ്റെ അവസ്ഥയെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ, പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര സന്ദർശനങ്ങളെയും കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചു, മണിപ്പൂരിലെ സംഘർഷം പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി. വീട് കത്തിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി ലോകം ചുറ്റിക്കറങ്ങുകയാണ്. നമുക്ക് നമ്മുടേതായ വിദേശനയമുണ്ട്. അത് നിഷേധിക്കുന്നില്ല. പക്ഷെ ആദ്യം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കണം. പുറത്തിറങ്ങരുതെന്നല്ല, നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണമെന്നാണ് ഞാൻ പറയുന്നത്. അദ്ദേഹം ലോകം മുഴുവന്‍ കണ്ടിട്ടുണ്ട്'' ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നതിനെ കുറിച്ച് ബിജെപി ജനങ്ങളോട് ഉത്തരം പറയണമെന്നും ആ നീക്കം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണം ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. '' രാഷ്ട്രീയത്തെക്കുറിച്ച് എനിക്കും കുറച്ചൊക്കെ അറിയാം. 60 വർഷത്തെ എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് ഞാൻ കണ്ടിട്ടില്ല, നിങ്ങളൊക്കെ ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ? അതുകൊണ്ട് ജമ്മു കശ്മീരിനെ അവർ മുന്നോട്ട് തള്ളിയതാണോ പിന്നോട്ട് വലിച്ചതാണോ എന്ന് ബിജെപി ഉത്തരം പറയണം'' ഖാര്‍ഗെ വ്യക്തമാക്കി.