ശിവസേനാ വിമത നീക്കത്തിൽ ബന്ധമില്ലെന്ന് ബി.ജെ.പി; ഹോട്ടലിലിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ ബിജെപി ഭരിക്കുന്ന അസം പൊലീസ്
|ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി സുരക്ഷാ ചുമതല അസം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്
ഗുവാഹത്തി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി മുന്നണിയുടെ ഭരണത്തെ പിടിച്ചുലച്ച ശിവസേനയിലെ വിമതനീക്കത്തിന് പിന്നിൽ തങ്ങൾ ബന്ധമില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തോട് അതൃപ്തിയുള്ള വിമതർ ഒളിവിൽ കഴിയുന്ന അസമിലെ റാഡിസൺ ബ്ലൂ ഹോട്ടലിനുള്ള സുരക്ഷ വ്യക്തമാക്കുന്നത് നേരെ തിരിച്ചാണ്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമതർ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിന് ബിജെപി ഭരിക്കുന്ന അസമിലെ പൊലീസ് വൻ സുരക്ഷയാണ് നൽകുന്നത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി സുരക്ഷാ ചുമതല അസം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ടലിൽ സ്ഥിരമായെത്തുന്ന ചില എയർലൈൻ ജീവനക്കാരെയല്ലാതെ മറ്റാരെയും ഹോട്ടലിൽ താമസിപ്പിക്കുന്നില്ല.
ഗുജറാത്തിലെ സൂറത്തിൽനിന്ന് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലായി എയർപോർട്ടിൽ വിമത എംഎൽഎമാർ എത്തിയത് മുതൽ ഈ രീതിയിലാണ് ഹോട്ടൽ പ്രവർത്തനം. ഗുവാഹത്തി നഗരത്തിലേക്കുള്ള ബൈപ്പാസിനരികിലെ ഹോട്ടൽ പ്രദേശത്തെ ആദ്യ സ്റ്റാർ സൗകര്യമുള്ള സംരംഭമാണ്.
പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും അസം പൊലീസിന്റെ മുഴുസമയ കാവലുണ്ട്. അഡീഷണൽ ഡിജിപിയും ഗുവാഹത്തി പൊലീസ് കമ്മീഷ്ണറുമായ ഹർമീത് സിങ് വ്യാഴാഴ്ചയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. മുമ്പ് സന്ദർശകർക്ക് തുറന്നിരുന്ന സ്ഥാപനത്തിനുള്ളിലെ റസ്റ്റാറൻറിലേക്കും ഇപ്പോൾ ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാൽ അസമിലെ ചില ബിജെപി നേതാക്കൾ 45000 സ്‌ക്വയർ ഫീറ്റിലുള്ള ഹോട്ടലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഹോട്ടലിൽ പ്രവേശിക്കാനുള്ള വഴികൾ ഉപയോഗപ്പെടുത്തിയാണ് ഇവർ ഹോട്ടലിൽ കഴിയുന്നത്.
'കൂടുതൽ ആളുകൾ വന്നാൽ തങ്ങൾക്ക് സന്തോഷമാണ്. കൂടുതൽ ജിഎസ്ടി ലഭിക്കുന്നുണ്ട്. 40 വന്നാൽ സംസ്ഥാനത്തിന് നല്ലതാണ്. പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിൽ വിനോദ സഞ്ചാരികൾ കുറവാണ്' അസം മുഖ്യമന്ത്രി രണ്ടു ദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ഭക്ഷണച്ചെലവ് മാത്രം 8 ലക്ഷം! ശിവസേന വിമതർക്ക് ആഡംബര ജീവിതം
ബ്രഹ്‌മപുത്രയ്ക്ക് കുറുകെയുള്ള പ്രശസ്തമായ സൈറാഘട്ട് പാലത്തിന് ഏതാനും കി.മീറ്ററുകൾ മാത്രം ദൂരത്താണ് റാഡിസൺ ബ്ലൂ സ്ഥിതി ചെയ്യുന്നത്. അസമിലെ പ്രമുഖ തീർത്ഥാടന, ടൂറിസ്റ്റ് കേന്ദ്രമായ കാമാഖ്യ ക്ഷേത്രവും തൊട്ടടുത്താണുള്ളത്. ബ്രഹ്‌മപുത്രയുടെയും അതിനോട് ചേർന്നുനിൽക്കുന്ന പർവതനിരയുടെയും നയനമനോഹരകാഴ്ചകളിലേക്ക് മുഖംതിരിഞ്ഞാണ് ഹോട്ടലുള്ളത്. മനോഹരമായ ഹോട്ടലിലെ ഓരോ മുറിയിലും അടിസ്ഥാനമായുള്ള എ.സി, വൈഫൈ, ടെലിവിഷൻ സൗകര്യങ്ങൾക്കു പുറമെ ആഡംബരക്കമ്പക്കാരെ ആകർഷിക്കുന്ന വേറെയും നിരവധി ഘടകങ്ങളുണ്ട്. ഓരോ മുറിയിലും ബ്രഹ്‌മപുത്രയിലേക്ക് തിരിഞ്ഞുള്ള സീറ്റിങ് ഏരിയ, മിനി ബാർ അതിൽ ചിലതു മാത്രം. ഇതോടൊപ്പം ഹോട്ടലിൽ മുഴുവൻ വൈഫൈ സൗകര്യമുണ്ട്. പുറത്തും കഫേ, ബാർ, കബാബ് ഫാക്ടറി, മൾട്ടി ക്യൂസിൻ റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ട് ഔട്ട്ഡോർ സ്വിമ്മിങ് പൂളുകളു മറ്റു റീക്രിയേഷൻ സൗകര്യങ്ങളും ഇതിനു പുറമെ.
സുരക്ഷാ കവചത്തിനകത്തെ 'ഒളിവുജീവിതം'
ഹോട്ടലിൽ 70 മുറികളാണ് വിമതരെ പാർപ്പിക്കാനായി വാടകയ്ക്കെടുത്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ആഴ്ചത്തേക്കാണ് ഇവ വാടകയ്ക്കെടുത്തിരുന്നത്. നേരത്തെ, ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലായിരുന്നു വിമതരെ പാർപ്പിച്ചിരുന്നത്.
ഗുവാഹത്തിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലാണ് റാഡിസൺ ബ്ലൂ. അത്യാഡംബര സൗകര്യങ്ങളോടെയുള്ള 196 മുറികളാണ് ഹോട്ടലിലുള്ളത്. ഓപറേഷന്റെ ഭാഗമായി 56 ലക്ഷത്തിനാണ് ഒരാഴ്ചത്തേക്കായി ഷിൻഡെ 70 റൂമുകൾ വാടകയ്ക്കെടുത്തിരിക്കുന്നത്. ഇതിനു പുറമെ ഭക്ഷണത്തിനും മറ്റു സർവീസുകൾക്കുമായി ദിവസം എട്ടു ലക്ഷം രൂപ അധിക ചെലവും വരുന്നുണ്ട്.
ഹോട്ടൽചെലവിനുമപ്പുറത്ത് കോടികളായിരിക്കും 'ഓപറേഷൻ താമര'യ്ക്കായി ചെലവിടേണ്ടിവരിക എന്നുറപ്പാണ്. എം.എൽ.എമാരെ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തിലേക്കും അവിടെനിന്ന് അസമിലേക്കും എത്തിച്ചത് ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ്. ഇതിനു പുറമെ ഇവരെ ഹോട്ടലുകളിൽ എത്തിച്ച ഗതാഗത ചെലവുകളും മറ്റു പലതരത്തിലുള്ള ആഡംബര ചെലവുകളുമെല്ലാം ഇതിനു പുറമെ വരും. എല്ലാത്തിനും മുകളിൽ കോടികൾ വാരിയെറിഞ്ഞാണ് ഓരോ എം.എൽ.എയെയും വലവീശിപ്പിടിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഗുവാഹത്തിയുടെ നഗരമധ്യത്തിൽനിന്നു മാറിയാണ് ഹോട്ടലിൽ ഇപ്പോഴുള്ള തരത്തിലുള്ള സുരക്ഷ ഇതാദ്യമായാണ് തങ്ങൾ കാണുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷം മാത്രമേ പുറത്തുനിന്നു വരുന്നവർക്കെല്ലാം അകത്തേക്ക് പ്രവേശനം നൽകുന്നുള്ളൂവെന്നും ഇവർ പറയുന്നു.
അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നേരത്തെ ഹോട്ടലിലെത്തിയിരുന്നതായി വിവരമുണ്ട്. ഹോട്ടലിലെ സുരക്ഷാകാര്യങ്ങൾക്കടക്കം മേൽനോട്ടം വഹിക്കുന്നത് അസം മുഖ്യമന്ത്രി നേരിട്ടാണ്. ഇതൊരു സുവർണനിമിഷമായാണ് സംസ്ഥാന ബി.ജെ.പി ഘടകം കാണുന്നത്. അസമിൽനിന്നുള്ള ബി.ജെ.പി എം.പിയായ പല്ലബ് ലോചൻ ദാസ്, എം.എൽ.എ സുശാന്ത ബോറോഹൈൻ എന്നിവർ ഗുവാഹത്തി രാജ്യാന്തര വിമാനത്താവളത്തിൽ ശിവസേന വിമതരെ സ്വീകരിക്കാനെത്തുക പോലും ചെയ്തിരുന്നു.
The BJP-ruled Assam police do not allow anyone to enter the hotel where the Shiv Sena rebels are staying