കർണാടകയിൽ ഏഴ് നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി: പെൺ ശിശുഹത്യയെന്ന് പ്രാഥമിക നിഗമനം
|എല്ലാ കുഞ്ഞുങ്ങളും അഞ്ച് മാസം പ്രായമുള്ളവയാണെന്നും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുഖേന ലോക്കൽ പോലീസ് സ്റ്റേഷനിൽ കേസെടുക്കുമെന്നും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു
ബെലഗാവി: കർണാടകയിലെ മുദൽഗിയിൽ ഏഴ് നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ പെട്ടിയിൽ നിറച്ച നിലയിൽ ഓവുചാലിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. മൂടലഗി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ പെട്ടികൾ ഒഴുകുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും സംശയം തോന്നുകയും ചെയ്തതോടെയാണ് ഇവർ പൊലീസിനെ വിളിച്ച് കാര്യമറിയിച്ചത്. കുഞ്ഞുങ്ങളുടെ മൃതദേഹം പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുഞ്ഞുങ്ങളെ ഓവുചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം ജില്ലാ ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) മഹേഷ് കോണി സംഭവം സ്ഥിരീകരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺ ശിശുഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാ കുഞ്ഞുങ്ങളും അഞ്ച് മാസം പ്രായമുള്ളവയാണെന്നും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുഖേന ലോക്കൽ പോലീസ് സ്റ്റേഷനിൽ കേസെടുക്കുമെന്നും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി കുഞ്ഞുങ്ങളുടെ മൃതദേഹം ബെലഗാവി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ അറിയിച്ചു. വിഷയം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് ശേഷം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.