ടി ആർ എസ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്; അന്വേഷണം സി ബി ഐക്ക്
|തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു
തെലങ്കാന: തെലങ്കാനയിൽ ടി ആർ എസ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം സി ബി ഐക്ക്. ബിജെപി നേതാക്കൾ നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തെ കോടതി പിരിച്ചുവിട്ടു . ബിജെപി നേതാവ് ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കേസ്.
പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിന് എതിരെ ഒരു കൂട്ടം ബിജെപി നേതാക്കൾ സമർപ്പിച്ച ഹർജിയിൽ ആണ് കോടതി ഉത്തരവ്. അന്വേഷണ സംഘവും കേസിലെ കക്ഷികളും സാക്ഷികളും സംസ്ഥാനം ഭരിക്കുന്ന കക്ഷിക്ക് അനുകൂലമായതിനാൽ അന്വേഷണം പക്ഷാപാതപരമായിരിക്കും എന്ന് ആരോപിച്ചായിരുന്നു ഹർജികൾ. ഡിസംബർ 15ന് വാദം കേൾക്കൽ പൂർത്തിയായ ശേഷം വിധി പറയാനായി ജസ്റ്റിസ് ബി വിജയസെന്നിൻ്റെ ബെഞ്ച് കേസ് മാറ്റി വെക്കുകയായിരുന്നു.
ബിജെപി നേതാവ് ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവരെ പ്രതിസ്ഥാനത്ത് ചേർത്ത് കൊണ്ടായിരുന്നു പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാൽ ഓപ്പറേഷൻ താമരയിൽ ഏജൻ്റുമാർ സമീപിച്ച നാല് ബിആർഎസ് എം.എൽ.എമാർക്ക് എതിരെയാണ് അന്വേഷണം വേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ഭരണം അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപിക്ക് വേണ്ടി ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പുറത്ത് വന്നത്. തെലങ്കാനയ്ക്കു പുറമെ ദേശീയ തലത്തിലും പുറത്ത് വന്ന തെളിവുകൾ ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.