India
The central government has denied special status to Bihar
India

നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിന് പ്രത്യേക പ​ദവി നിഷേ​ധിച്ച് കേന്ദ്രസർക്കാർ

Web Desk
|
22 July 2024 11:06 AM GMT

സംസ്ഥാനത്തിന് പ്രത്യേക പ​ദവിയെന്നത് ബി.ജെ.പിയുടെ സഖ്യകക്ഷി ജെ.ഡി.യുവിന്റെ പ്രധാന ആവശ്യമായിരുന്നു

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി നൽകാനുള്ള പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന് പ്രത്യേക പ​ദവി നൽകണമെന്നത്. ബിഹാറിന് പ്രത്യേക പദവി നൽകാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന് സംസ്ഥാനത്ത് നിന്നുള്ള ജെ.ഡി.യു എം.പി രാംപ്രിത് മണ്ഡൽ ധനകാര്യമന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് പ്രതികരണമായി രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ രാഷ്ട്രീയ ജനതാദൾ പാർട്ടി, ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു.

പ്രത്യേക പദവി ഒരു പിന്നാക്ക സംസ്ഥാനത്തിന് അതിൻ്റെ വികസനത്തിന് കൂടുതൽ കേന്ദ്ര പിന്തുണ ഉറപ്പാക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായവും നികുതികളിൽ നിരവധി ഇളവുകളും ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഭരണഘടന ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നൽകുന്നില്ല. 1969ൽ അഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശിപാർശകൾ പ്രകാരമാണ് ഇത് നൽകുന്നത്. ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര സംസ്ഥാനങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതുവരെ പ്രത്യേക പദവി ലഭിച്ചത്.

ബിഹാറിന് പ്രത്യേക പദവി നൽകണമെന്നത് ജെഡിയുവിൻ്റെ ഏറെക്കാലത്തെ ആവശ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കാതിരുന്ന ബി.ജെ.പി, ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് അധികാരത്തിലെത്തിയത്. കേന്ദ്രവുമായി സഖ്യത്തിലായതോടെ തങ്ങളുടെ ആവശ്യത്തിന് വേണ്ടി നിതീഷ് കുമാർ ശക്തമായ നീക്കങ്ങളാണ് നടത്തിയത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലും ജെഡിയു ഈ ആവശ്യം ഉന്നയിച്ചിരുന്നു. ജെഡിയുവിനെ കൂടാതെ, ചന്ദ്രബാബു നായിഡുവിൻ്റെ ടി.ഡി.പിയും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

2014-2015 സാമ്പത്തിക വർഷം വരെ, പ്രത്യേക പദവിയുള്ള 11 സംസ്ഥാനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് 2014-ൽ നീതി ആയോഗ് രൂപീകരിച്ചതിനെത്തുടർന്ന്, 14-ാം ധനകാര്യ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കി. ഇതിലൂടെ എല്ലാ സംസ്ഥാനത്തിനുമുള്ള വിഭവങ്ങളുടെ പങ്ക് 32ൽ നിന്ന് 42 ശതമാനം ആയി ഉയർത്തി.

സംഭവത്തിൽ രാഷ്ട്രീയ ജനതാദൾ പാർട്ടി(ആർ.ജെ.ഡി) ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. നിതീഷ് കുമാറിനും ജെഡിയുവിനും ഇപ്പോൾ കേന്ദ്രത്തിൽ സുഖമായി അധികാരം ആസ്വദിക്കാം. 'പ്രത്യേക സംസ്ഥാന പദവി'യുടെ പേരിൽ കപട രാഷ്ട്രീയം തുടരാനും കഴിയും. ആർ.ജെ.ഡി എക്സിൽ കുറിച്ചു.

Related Tags :
Similar Posts