India
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
India

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Web Desk
|
16 Dec 2021 5:18 AM GMT

പരിഷ്‌കരണം സംബന്ധിച്ച ബിൽ ഇപ്പോൾ നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതടക്കം തെരഞ്ഞെടുപ്പ് രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് കമീഷന്റെ ശുപാർശകൾ സ്വീകരിച്ചാണ് നടപടി. പാൻ കാർഡുമായി ബന്ധിപ്പിച്ചത് പോലെയാണ് വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കുക. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി വിധി നിലനിൽക്കേ, കാർഡുകൾ ബന്ധിപ്പിക്കുന്നത് ഇഷ്ടമുള്ളവർ മാത്രം ചെയ്താൽ മതിയാകും. തെരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച ബിൽ ഇപ്പോൾ നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.

തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിച്ച് നടത്തിയ പരീക്ഷണ പദ്ധതി വിജയകരമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനെ അറിയിച്ചിരുന്നു. ഇതിനെ പുറമേ വേറെയും പരിഷ്‌കരണങ്ങൾ തെരഞ്ഞെടുപ്പ് രീതികളിൽ കൊണ്ടുവരുന്നുണ്ട്. 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നാലുവട്ടം അവസരം നൽകും. ഇപ്പോൾ വർഷത്തിലൊരിക്കലാണ് പേര് ചേർക്കുന്നത്. വോട്ടിങ് പ്രക്രിയയിൽ കൂടുതൽ പേരെ പങ്കാളികളാക്കും. തെരഞ്ഞെടുപ്പ് കമീഷന് കൂടുതൽ അധികാരം നൽകും. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കും. ഇവയൊക്കെ പുതിയ ബിൽ വഴി നിയമമാക്കും.

സർവിസ് ഓഫിസർമാരുടെ വോട്ടിങ് രേഖപ്പെടുത്തുന്നതിൽ ജെൻഡർ ന്യൂട്രൽ നിയമം കൊണ്ടുവരും. നിലവിൽ പുരുഷ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. അതിനാൽ സ്ത്രീ ഉദ്യോഗസ്ഥരുടെ ഭർത്താക്കന്മാർക്കും ഈ അവസരം നൽകും. തെരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കാൻ കമീഷന് അധികാരമുണ്ടാകും. നിലവിൽ സ്‌കൂളുകളും മറ്റു പ്രധാന കെട്ടിടങ്ങളും തെരഞ്ഞെടുപ്പ് കാലയളവിൽ ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങളുണ്ട്.

The Central Government is all set to revise the electoral system, including linking voter identification cards and Aadhaar

Similar Posts