മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല; ഈ രാത്രി കൂടി കാത്തിരിക്കൂ എന്ന് സുർജെവാല
|അനുനയ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്.
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം ഇന്നുമുണ്ടാവില്ല. ഇതു സംബന്ധിച്ച് ഇനിയും ഹൈക്കമാൻഡിൽ തീരുമാനമായില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കെ.സി വേണുഗോപാലും സുശീൽ കുമാർ ഷിൻഡെയും അടക്കമുള്ള നേതാക്കൾ നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞു. അനുനയ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്.
ഈ രാത്രി കൂടി കാത്തിരിക്കൂ എന്നാണ് യോഗത്തിനു ശേഷം കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചതേയുള്ളൂ എന്നും കോൺഗ്രസ് അധ്യക്ഷൻ സംസ്ഥാന നേതാക്കളുമായും ദേശീയ നേതാക്കളുമായും കൂടിയാലോച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമവായം കണ്ടെത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഡൽഹിയിലേക്കുള്ള യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ കാരണമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും. ഇതിൽ ഒരു സമവായത്തിലെത്താൻ സാധിക്കാത്തതാണ് അന്തിമ തീരുമാനത്തിന് തടസമാവുന്നത്.
അതേസമയം, നാളെ വൈകീട്ടോടെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഡി.കെ ശിവകുമാറിന് പകരം ഡി.കെ സുരേഷ് ഖാർഗെയുടെ വസതിയിലെത്തിയിട്ടുണ്ട്. ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നത്തെ ചർച്ചയിലെ തീരുമാനങ്ങൾ അദ്ദേഹവുമായി പങ്കുവയ്ക്കുമെന്നാണ് സൂചന.
സിദ്ധരാമയ്യ ഡൽഹിയിലുണ്ടെങ്കിലും ഇതുവരെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. 224ൽ 135 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് വിമർശനത്തിന് കാരണമായിട്ടുണ്ട്.