India
The Congress alleges illegal arrest of leaders in gujarat to prevent them from going to Surat when Rahul arrived
India

രാഹുലെത്തുമ്പോൾ സൂറത്തിലേക്ക് പോവാതിരിക്കാൻ ​​നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്തെന്ന് കോൺ​ഗ്രസ്

Web Desk
|
3 April 2023 10:41 AM GMT

ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

അഹമ്മദാബാദ്: മാനനഷ്ടക്കേസിലെ സൂറത്ത് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അപ്പീൽ നൽകാൻ പോയതിന് മുന്നോടിയായി ​ഗുജറാത്തിൽ നേതാക്കളെയും പ്രവർത്തകരേയും അനധികൃതമായി അറസ്റ്റ് ചെയ്തതായി കോൺ​ഗ്രസ് ആരോപണം. കോൺ​ഗ്രസ് നേതാവ് ജയറാം രമേശാണ് ആരോപണവുമായി രം​ഗത്തെത്തിയത്.

രാഹുൽ എത്തുന്നതിനോടനുബന്ധിച്ച് സൂറത്തിലേക്ക് പോവുന്നത് തടയാനാണ് തങ്ങളുടെ നേതാക്കളെയും പ്രവർത്തകരേയും സംസ്ഥാന ബി.ജെ.പി സർക്കാർ പൊലീസിനെ ഉപയോ​ഗിച്ച് അറസ്റ്റ് ചെയ്തത് എന്നാണ് ആരോപണം. ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

'സൂറത്തിലേക്ക് പോകുന്നത് തടയാൻ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരേയും ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ തുടർച്ചയായി വരുന്നുണ്ട്. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ മുഖം വീണ്ടും തുറന്നുകാട്ടപ്പെടുകയാണ്. അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണം. സർക്കാർ നീക്കത്തെ കോൺ​ഗ്രസ് അപലപിക്കുന്നു'- പാർട്ടി ജനറൽ സെക്രട്ടറി ഇൻ ചാർജ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, ഉച്ചകഴിഞ്ഞ് മൂന്നോടെ ഗുജറാത്ത് സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ സമർപ്പിച്ച രാഹുൽ ​ഗാന്ധിയുടെ ജാമ്യം ഏപ്രിൽ 13 വരെ നീട്ടി. 13ന് ഹരജി വീണ്ടും പരി​ഗണിക്കും. സൂറത്ത് സി.ജെ.എം കോടതി ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.

2.25ന് വിമാനത്താവളത്തിൽ എത്തിയ രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധിയക്കമുള്ള നേതാക്കൾ ഉണ്ടായിരുന്നു. സൂറത്തിലെത്തിയ രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്‌, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ച നിയമോപദേശം.

വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന 2019ലെ പ്രസം​ഗത്തിലെ ചോദ്യത്തിനെതിരെ ബി.ജെ.പി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു.

വിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്ക് എതിരായ കോൺഗ്രസ് പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി തുടരുകയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ്, മഹിള കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ച് നടത്തും.




Similar Posts