രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്: അമൃതാ ഫഡ്‌നാവിസ്
|രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് ഒരിക്കൽ അമൃത ട്വീറ്റ് ചെയ്തിരുന്നു
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. മഹാത്മഗാന്ധി ആരാണെന്ന ചോദ്യത്തിന് ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ടെന്നായിരുന്നു അവരുടെ മറുപടി. നാഗ്പൂരിൽ എഴുത്തുകാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമൃതാ ഫഡ്‌നാവിസിന്റെ പരാമർശം
'മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട്, ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന്, മറ്റൊരാൾ ആ കാലഘട്ടത്തിൽ നിന്നും,' അമൃത മറാത്തിയിൽ പറഞ്ഞു. ഇതാദ്യമായല്ല നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് അമൃതാ ഫഡ്നാവിസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് ഒരിക്കൽ അമൃത ട്വീറ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലും വിവാദ പരാമർശങ്ങളുടെ പേരിലും അമൃത മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. നരേന്ദ്രമോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച അമൃതയുടെ പ്രസ്താവന പ്രതിഷേധത്തിനിടയാക്കിയേക്കും.