ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ ക്ലാസിൽ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചു
|ദലിത് വിദ്യാർഥി ബൈക്കിൽ തൊട്ടതിന് ക്ഷുഭിതനായ അധ്യാപകൻ വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഇയാൾ ലോഹദണ്ഡ്, ചൂരൽ എന്നിവകൊണ്ട് അടിച്ചതായും കഴുത്ത് ഞെരിച്ചതായും വിദ്യാർഥി പറഞ്ഞു.
ലഖ്നോ: ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ ക്ലാസിൽ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചതായി പരാതി. ഉത്തർപ്രദേശിലെ നാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ റാനോപുരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപകനായ കൃഷ്ണമോഹൻ ശർമയാണ് ആറാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. സംഭവം വിവാദമായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു.
ദലിത് വിദ്യാർഥി ബൈക്കിൽ തൊട്ടതിന് ക്ഷുഭിതനായ അധ്യാപകൻ വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഇയാൾ ലോഹദണ്ഡ്, ചൂരൽ എന്നിവകൊണ്ട് അടിച്ചതായും കഴുത്ത് ഞെരിച്ചതായും വിദ്യാർഥി പറഞ്ഞു.
സ്കൂളിലെ മറ്റു അധ്യാപകരെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയതെന്ന് നാഗ്ര സ്റ്റേഷൻ എസ്എച്ച്ഒ ദേവേന്ദ്രനാഥ് ദുബെ പറഞ്ഞു. സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.