വെളിപ്പെടുത്തൽ ദുരുദ്ദേശവും അപകീർത്തികരവും; ഹിൻഡൻബർഗ് ആരോപണം തള്ളി അദാനിഗ്രൂപ്പ്
|റിപ്പോർട്ടിൽ പറയുന്ന വ്യക്തികളുമായി സാമ്പത്തിക ഇടപാടില്ലെന്നും വിശദീകരണം
ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചിനും ഭർത്താവിനും ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി അദാനിഗ്രൂപ്പ് രംഗത്ത്. വെളിപ്പെടുത്തൽ ദുരുദ്ദേശത്തോടെയുള്ളതും അപകീർത്തികരവുമാണെന്നാണ് അദാനിഗ്രൂപ്പിന്റെ വാദം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന വ്യക്തികളുമായി അദാനിഗ്രൂപ്പിന് സാമ്പത്തിക ഇടപാടില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രസ്തുത ആരോപണങ്ങൾ സുപ്രിംകോടതി നേരത്തെ തള്ളിയതാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി മാധബി പുരി ബുച്ചും ഭർത്താവും പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിലാണ് അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തുവന്നത്. തങ്ങളുടെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിട്ടുണ്ടെന്ന് മാധബിയും ഭർത്താവ് ധവാൽ ബുച്ചും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനുള്ള പ്രതികാരമാണിത്. തങ്ങളെ വ്യക്തിഹത്യ നടത്തുകയാണ് ഹിൻഡൻബെർഗ്. ആരോണപങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണ്. തങ്ങളുടെ സാമ്പത്തികം തുറന്നപുസ്തകമാണെന്നും പ്രസ്താവനയിൽ ഇവർ പറഞ്ഞു.
സെബി ചെയർപേഴ്‌സൻ മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
മുമ്പുണ്ടായിരുന്ന ആരോപണങ്ങളിൽ അദാനിയെ രക്ഷിക്കാനാണ് സെബി മേധാവിയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഹിൻഡൻബർഗിൻറെ പുതിയ റിപ്പോർട്ട് പുറത്തുവരുമെന്ന സൂചനങ്ങൾക്കിടെയാണ് പാർലമെൻറ് സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ചുമതല ഏറ്റയുടൻ സെബി മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി എത്തിയതിൽ അസ്വാഭാവികതയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സെബി മേധാവി മാധബി പുരി ബുച്ച് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.ബി ആവശ്യപ്പെട്ടു.
നേരത്തെയും അദാനിക്കെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. നികുതിരഹിത വിദേശ രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു അദാനിക്കെതിരായ ആദ്യ ഹിൻഡൻ ബെർഗ് റിപ്പോർട്ട്. എന്നാൽ, ഇതിൽ അദാനിയെ കുറ്റവിമുക്തമാക്കുക മാത്രമല്ല ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസും സെബി നൽകിയിരുന്നു.