പ്രതിഷേധം ഫലം കണ്ടു; ആകെ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
|‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രചാരണം നടത്തുന്നു’
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടത്തിലെ ആകെ പോൾ ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ടത്തിൽ 66.14, രണ്ടാം ഘട്ടത്തിൽ 66.71, മൂന്നാം ഘട്ടത്തിൽ 65.68, നാലാം ഘട്ടത്തിൽ 69.16, അഞ്ചാം ഘട്ടത്തിൽ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഒന്നാം ഘട്ടത്തിൽ 11 കോടി, രണ്ടാംഘട്ടത്തിൽ 10.58 കോടി, മൂന്നാംഘട്ടത്തിൽ 11.32 കോടി, നാലാം ഘട്ടത്തിൽ 12.24 കോടി, അഞ്ചാംഘട്ടത്തിൽ 5.57 കോടി എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ എണ്ണം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. വിവരങ്ങൾ കമ്മീഷന്റെ ആപ്പിൽ ലഭ്യമാണെന്നും വ്യക്തമാക്കി.
ഓരോ ബൂത്തിലും പോളിങ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ, പോൾ ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാതെ സുപ്രിംകോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം വരുന്നത്. യഥാർഥ കണക്ക് പുറത്തുവിടാത്തതിൽ പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ഉയർത്തിയിരുന്നു.