India
BJP, Congress political resolution, congress, Congress Plenary Session,
India

'മൂന്നാം മുന്നണിയുടെ ഉദയം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കും'; കോൺഗ്രസ് രാഷ്ട്രീയ പ്രമേയം

Web Desk
|
25 Feb 2023 9:40 AM GMT

പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ ധാരണയായി

റായ്പൂർ: മൂന്നാം മുന്നണിയുടെ ഉദയം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. സമാന മനസ്കരായ പാർട്ടികൾ ഒരു കുടക്കീഴിൽ വരണം. രാജ്യത്തിന്‍റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനും എട്ട് വർഷമായി ശ്രമിക്കുകയാണെന്നും ഗവർണർമാരുടെ അധികാര ദുർവിനിയോഗം പുറത്ത് കൊണ്ട് വരണമെന്നും കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ആന്ധ്രക്കും ജമ്മു കശ്മീരിനും പ്രത്യേക പദവി എന്നതിനെ പ്രമേയം പിന്തുണച്ചു.

പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ ധാരണയായിട്ടുണ്ട്. ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കുന്ന ബി.ജെ..പി സർക്കാരിനെതിരെ സഹകരിക്കാൻ പറ്റുന്നവരുമായി സഹകരിക്കും. വിദ്വേഷത്തിന്‍റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നിയമം വേണമെന്നും കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ആരംഭിച്ച കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 15,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു.

ഇ.ഡി പരിശോധനകൾ നടത്തി. നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മൾ ഒത്തുകൂടി. ഭയന്നിരിക്കാൻ കോൺഗ്രസിന് ആകില്ല. കേന്ദ്ര സർക്കാർ നയങ്ങൾ സമസ്ത മേഖലകളേയും തകർത്തു. നമ്മളുണ്ടാക്കിയതെല്ലാം സർക്കാർ വിറ്റ് തുലയ്ക്കുന്നു. ഗുണകരമായ ഒന്നും സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും ഖാർഗെ പറഞ്ഞു.

രാഷ്ട്രീയ കാര്യം, സാമ്പത്തികം, കാർഷികം അടക്കമുള്ള ആറ് വിഷയങ്ങളാണ് ഇന്ന് പ്ലീനറി സമ്മേളനത്തില്‍ ചർച്ച ചെയ്യുക. രാഹുൽ ഗാന്ധിയുടെ മുഖം തന്നെയാണ് കോൺഗ്രസ് ഇപ്പോഴും പലയിടത്തും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് ഖാർഗെ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് മുഖം എന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഉയർത്തിയാണ് നിലവിൽ കോൺഗ്രസിന്‍റെ ഓരോ നീക്കവും. എന്നാൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്‍റെ വെല്ലുവിളികൾ ബോധ്യമുള്ളതിനാൽ പ്രതിപക്ഷ ഐക്യത്തിന് കൂടി പ്രാധാന്യം നൽകിയാവും കോൺഗ്രസിന്‍റെ മുന്നേറ്റം.

Similar Posts