യുക്രൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു: യാത്രികരിൽ 20 മലയാളികളും
|ഇതു കൂടാതെ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്കു പുറപ്പെട്ട വിമാനം ഇന്ന് രാത്രിയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെ വഹിച്ചാണ് എയർ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തുന്നത്. രാത്രി ഒൻപതു മണിക്ക് വിമാനം മുംബൈയിലെത്തുമെന്നാണ് വിവരം. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തിൽ പൂർത്തിയായിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരടക്കമുള്ളവർ യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്. വിമാനത്തിൽ ഏതാണ്ട് ഇരുപതോളം മലയാളികളുണ്ടെന്നാണ് വിവരം.
ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങൾ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.