യുദ്ധമുഖത്തുനിന്ന് ആദ്യ ഇന്ത്യന്‍ സംഘം നാളെയെത്തും; 17 മലയാളി വിദ്യാർത്ഥികളും കൂട്ടത്തില്‍
|യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി നാളെ ഹംഗറിയിലേക്കും ഇന്ത്യ വിമാനം അയക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം നാളെ നാട്ടിലെത്തും. ആദ്യസംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് അർധരാത്രിയോടുകൂടി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് റൊമാനിയയിലേക്ക് തിരിക്കും. അവിടെയെത്തിയ ശേഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയായിരിക്കും നാട്ടിലേക്ക് തിരിക്കുക. ആദ്യ വിമാനം ഡൽഹിയിലായിരിക്കും ഇറങ്ങുക. രണ്ടാമത്തെ വിമാനത്തിന്റെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും. 1,500 പേരെ റൊമേനിയൻ അതിർത്തിയിലെത്തിക്കാനായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച കണക്ക്. ഇതിനുശേഷവും കൂടുതൽ പേർ ഇങ്ങോട്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. നാളെ ഹംഗറിയിലേക്കും വിമാനം അയക്കുന്നതായി വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
20,000ത്തോളം ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാവരെയും നാട്ടിലെത്തിക്കാനായി മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്. തലസ്ഥാനമായ കിയവിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനക്കുറിച്ചും ആശങ്ക വേണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കിയവിൽ ബങ്കറുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി റഷ്യയുമായും നയതന്ത്രതലത്തിൽ ചർച്ച പുരോഗമിക്കുന്നുണ്ട്.
നേരത്തെ, യുക്രൈൻ-പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികളുമായി സ്‌പെഷൽ ഓഫീസർ ബന്ധപ്പെട്ടിരുന്നു. കേരള സർക്കാരിന്റെ ഡൽഹിയിലെ സ്‌പെഷൽ ഓഫീസർ വേണു രാജാമണിയാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് സ്‌പെഷൽ ഓഫീസറുടെ ഇടപെടൽ.
പോളണ്ട് അതിർത്തിയിലെ ലീവിലാണ് 50ഓളം മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്ന് മീഡിയവണിനോട് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. വാർത്ത് മീഡിയവൺ പുറത്തുവിട്ടതിനു പിന്നാലെയാണ് വേണു രാജാമണി ഇടപെട്ടതും വിദേശകാര്യ മന്ത്രാലയത്തെ വിഷയം ധരിപ്പിച്ചതും. പോളിഷ് ഇന്ത്യൻ അംബാസിഡർ നഗ്മ മല്ലിക്കുമായി വേണുരാജാമണി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്ന വാർത്ത നേരത്തെ മീഡിയവൺ പുറത്തുവിട്ടിരുന്നു.
അതേസമയം, മുഴുവൻ വിദ്യാർത്ഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നോർക്ക റൂട്ട്‌സിന്റെ യോഗം തൊട്ടുമുൻപ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നാളത്തെന്നെ ഒരു വിമാനം പുറപ്പെടുന്നുണ്ട്. അതിൽ പകുതിയും മലയാളികളാണെന്നാണ് വിവരം ലഭിച്ചതെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.
Summary: The first Indian contingent from Ukraine will arrive tomorrow; 17 Malayalee students included in the first team