കാറിന്റെ പിൻഭാഗത്ത് മധ്യത്തിലിരിക്കുന്ന യാത്രക്കാർക്കും മൂന്ന് പോയന്റ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സർക്കാർ
|പുതിയ നിബന്ധന എന്നു മുതൽ നിലവിൽ വരുമെന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല
കാറിന്റെ മുൻവശത്തിരിക്കുന്ന എല്ലാ യാത്രക്കാർക്കും വാഹനനിർമ്മാതാക്കൾ മൂന്ന് പോയന്റ് സീറ്റ് ബെൽറ്റ് നിർബന്ധമായും നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. കാറിന്റെ പിൻനിരയിലെ മധ്യഭാഗത്തെ സീറ്റുകൾക്കും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എന്നാൽ പുതിയ നിബന്ധന എന്നു മുതൽ നിലവിൽ വരുമെന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല.
നിലവിൽ രാജ്യത്ത് നിർമ്മിക്കുന്ന മിക്ക കാറുകളിലും മുൻ സീറ്റുകൾക്കും രണ്ട് പിൻ സീറ്റുകൾക്കും മാത്രമാണ് മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ നിർമ്മിക്കാറുള്ളത്. പിൻനിരയിലെ മധ്യഭാഗത്തെ സീറ്റുകളിൽ രണ്ട് പോയിന്റ് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ലാപ് സീറ്റ് ബെൽറ്റോ മാത്രമേ നൽകാറുള്ളു. രാജ്യത്ത് ഓരോ വർഷവും നടക്കുന്ന അഞ്ച് ലക്ഷം റോഡപകടങ്ങളിൽ 1.5 ലക്ഷം പേർ മരിക്കുന്നുണ്ടെന്നും ബോധവത്ക്കരണങ്ങളിലൂടെ റോഡ് സുരക്ഷാ നടപടികളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പ്രോട്ടോക്കോളും അടിസ്ഥാനമാക്കി വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും വാഹന നിർമ്മാതാക്കൾ നൽകണമെന്നും ഈ വർഷം ഒക്ടോബർ മുതൽ വ്യവസ്ഥ നിർബന്ധമാക്കുമെന്നും മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.