India
India
'ഗവർണറെ തിരികെ വിളിക്കണം'; രാഷ്ട്രപതിക്ക് ഡി.എം.കെ കത്തയച്ചു
|9 Nov 2022 6:16 AM GMT
ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാരാണ് കത്തയച്ചത്.
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാരാണ് കത്തയച്ചത്. ബില്ലുകൾ ഒപ്പിടാതെ താമസിപ്പിക്കുന്നുവെന്നും ഇരുപതോളം ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ ഒരു വർഷത്തിലേറെയായി കൈയിൽ സൂക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു. തുടർച്ചയായി മതനിരപേക്ഷതക്കെതിരായ പ്രസ്താവനകളും ഗവർണർ നടത്തുന്നുവെന്ന് കത്തിലുണ്ട്.
മാസങ്ങളായി കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല.