നിയമസഭാ സമ്മേളനം നിർത്തിവെക്കൽ; ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായേക്കും
|ഇന്നലെയാണ് ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് ഗവർണർ സംസ്ഥാന നിയമസഭാ സമ്മേളനം നിർത്തിവച്ചത്
പശ്ചിമ ബംഗാളിൽ നിയമസഭാ സമ്മേളനം നിർത്തിവെപ്പിച്ച ഗവർണറുടെ ഇടപെടൽ സംസ്ഥാനത്ത് ഭരണഘടനാ പരമായ പ്രതിസന്ധിക്ക് വഴി വെച്ചേക്കും. നടപടിക്രമം പാലിക്കാതെയാണ് ഗവർണർ ജഗദീപ് ധൻകർ ബജറ്റ് സമ്മേളനത്തിന് തൊട്ടു മുമ്പ് തൻറെ പ്രത്യേക അധികാരമുപയോാഗിച്ച് നിയമസഭാ സമ്മേളനം തടഞ്ഞത്. സർക്കാർ ഉപദേശം തേടാതെ ഗവർണർക്ക് നടപടിയെടുക്കാനാവില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഗവർണറുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസാധാരണ നടപടിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിരിക്കുന്നത്.
WB Guv:
— Governor West Bengal Jagdeep Dhankhar (@jdhankhar1) February 12, 2022
In exercise of the powers conferred upon me by sub-clause (a) of clause (2) of article 174 of the Constitution, I, Jagdeep Dhankhar, Governor of the State of West Bengal, hereby prorogue the West Bengal Legislative Assembly with effect from 12 February, 2022. pic.twitter.com/dtdHMivIup
ഇന്നലെയാണ് ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് ഗവർണർ സംസ്ഥാന നിയമസഭ നിർത്തിവച്ചത്(prorogue) . രാജ്ഭവനും മമത ബാനർജി സർക്കാറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയാണ് രാജ്ഭവന്റെ അപ്രതീക്ഷിത നീക്കം. ഫെബ്രുവരി 12 മുതൽ അടിയന്തര പ്രാധാന്യത്തോടെ സഭ നിർത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിലുണ്ടായിരുന്നത്. ഗവർണറുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് ധൻകറിന്റെ നടപടി. ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബജറ്റ് സെഷനു തൊട്ടുമുമ്പാണ് ഗവർണറുടെ തീരുമാനം. ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യവാരമോയാണ് ബജറ്റ് സെഷൻ നടക്കുന്നത്. വരുന്ന സമ്മേളനത്തിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാർലമെന്റ് വകുപ്പു മന്ത്രി പാർത്ഥ ചാറ്റർജി അറിയിച്ചിരുന്നു. ധൻകറെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി സുകേന്ദു ശേഖർ റായ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവർണറെ നീക്കാൻ ഇടപെടണം എന്നായിരുന്നു ആവശ്യം. രാഷ്ട്രീയപ്രേരിതവും അപ്രതീക്ഷിതവുമാണ് ഗവർണറുടെ തീരുമാനമെന്ന് തൃണമൂൽ നേതൃത്വം പ്രതികരിച്ചു. നിലവിൽ സഭ നിർത്തിവച്ചതിനാൽ സർക്കാറിന് നിയമപരമായി ബജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതായിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങളെ ഇത് ദോഷമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗവർണർ കളി തുടങ്ങി (ഖേലാ ഹോബെ) എന്ന അർത്ഥത്തിലും രാജ്ഭവന്റെ തീരുമാനം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഖേലാ ഹോബെ.
The governor's intervention in West Bengal, which has suspended the assembly session, could lead to a constitutional crisis in the state.