പരീക്ഷാക്രമക്കേടും ക്രിമിനൽ നിയമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്
|കെ.സി വേണുഗോപാൽ, മാണിക്യം ടാഗോർ, മനീഷ് തിവാരി എന്നിവരാണ് നോട്ടീസ് നൽകിയത്
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം. പിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ എൻ.ടി.എ പരാജയപ്പെട്ടു എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യം. സമാന വിഷയമുന്നയിച്ച് കോൺഗ്രസ് എം.പി മാണിക്യം ടാഗോറും നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ 3 ക്രിമിനൽ നിയമങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തര പ്രമേയ നോട്ടീസ് നൽകി. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.