India
സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും
India

സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും

Web Desk
|
9 March 2022 2:36 AM GMT

പോളണ്ട് വഴി ഡൽഹിയിലെത്തിക്കാനാണ് തീരുമാനം.

യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. പോളണ്ട് വഴി ഡൽഹിയിലെത്തിക്കാനാണ് തീരുമാനം. നേരത്തെ റൊമാനിയ വഴി ഡൽഹിയിലെത്തിക്കാനായിരുന്നു പദ്ധതി. രക്ഷാദൗത്യത്തിൽ പോളണ്ടിലെ മലയാളികളും സഹായിക്കും. സുമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരില്‍ 200 മലയാളികളുമുണ്ട്.

എഴുന്നൂറില്‍പ്പരം ഇന്ത്യൻ വിദ്യാർഥികളാണ് റഷ്യൻ അതിർത്തിയോടുചേർന്ന സുമിയിലെ യുദ്ധ മേഖലയിലുണ്ടായിരുന്നത്. യുക്രൈനിലെ മറ്റ് മേഖലയിൽ നിന്നെല്ലാം ഇന്ത്യക്കാരെ ഒഴിപ്പിച്ചെങ്കിലും സുമിയിലെ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. കൊടുംതണുപ്പിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതജീവിതമാണ് ഇവിടെ കുടുങ്ങിയവര്‍ നയിച്ചത്.

ഇന്ത്യൻ എംബസി ഒരുക്കിയ ബസുകൾ ഹോസ്റ്റൽ വരെ എത്തിയെങ്കിലും കനത്ത ഷെല്ലാക്രമണമായതിനാൽ വിദ്യാർഥികളെ ഒഴിപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു. വിദ്യാർഥികളോട് ഹോസ്റ്റലിലെ ബങ്കറിലേക്കുതന്നെ മടങ്ങാൻ അധികൃതർ നിർദേശിക്കുകയും ചെയ്തു.

സുമി, ഖർകിവ്, കീവ്, മരിയുപോൾ എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചത്. റെഡ്‌ക്രോസിന്റെ സഹായത്തോടെയാണ് ഇന്ത്യൻ വിദ്യാർഥികളെ ബസ് മാർഗം പോൾട്ടാവയിൽ എത്തിച്ചത്. സുമിയിൽനിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പോൾട്ടാവയിൽ എത്തിയിരുന്നു.

Related Tags :
Similar Posts