നാല് മാസത്തിനകം അന്വേഷണം അവസാനിപ്പിക്കണം; സെന്തിൽ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി
|വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് അല്ലി മദ്രാസ് കോടതിക്ക് കത്തയച്ചിരുന്നു
ചെന്നൈ: തമിഴ്‌നാട് മുൻ മന്ത്രി വി. സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ പൂർത്തിയാക്കാൻ നാല് മാസം കൂടി സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കാണ് ഹൈക്കോടതി സമയം നീട്ടി നൽകിയത്.
കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് അല്ലി മദ്രാസ് കോടതിക്ക് കത്തയച്ചിരുന്നു. അതിനെ തുടർന്നാണ് ഹൈക്കോടതി സമയം നീട്ടി നൽകിയത്. കേസിൽ സഹകരിക്കാൻ സെന്തിൽ ബാലാജിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.
മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്നും ഇഡി ആരോപിച്ചിരുന്നു. ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ 14നാണ് സെന്തിലിനെ പി.എം.എൽ.എ ആക്ട് പ്രകാരം ഇഡി അറസ്റ്റ് ചെയ്യുന്നത്.