ജെഎൻയുവിലെ 'ദി കേരള സ്റ്റോറി' പ്രദർശനം; പ്രതിഷേധവുമായി വിദ്യാർഥികൾ
|ബിബിസി ഡോക്യുമെന്ററി പ്രദർശനത്തെ സർവ്വകലാശാല വിലക്കുകയും നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി വിദ്യാർഥികള്‍
ന്യൂഡല്‍ഹി: ജെഎൻയുവിൽ ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിനു അനുമതി നൽകിയതിൽ പ്രതിഷേധം. ഇന്നലെയാണ് എബിവിപിയുടെ നേതൃത്വത്തിൽ സർവ്വകലാശാലയിൽ പ്രദർശനം നടത്തിയത്. സർവ്വകലാശാലയുടെ അനുമതിയോടെയാണ് വിദ്വേഷം നിറഞ്ഞ സിനിമ പ്രദർശിപ്പിച്ചതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലന്നും വിദ്യാർത്ഥികൾ പറഞ്ഞു. സാധാരണ വിദ്യാർത്ഥി സംഘടനകളുടെ പ്രദർശനങ്ങൾക്ക് സർവകലാശാല അനുമതി നൽകാറില്ല. ബിബിസി ഡോക്യുമെന്ററി പ്രദർശനത്തെ സർവ്വകലാശാല വിലക്കുകയും നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന വ്യാജ പ്രചാരണവുമായാണ് 'ദ കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് സിനിമക്ക് പിന്നിലുള്ളവർ അവകാശപ്പെടുന്നത്.
വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.