India
ഒരു ഇന്ത്യൻ പ്രധാനമ​ന്ത്രി രാജ്യത്ത് വാർത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്ത്‍വർഷം
India

ഒരു ഇന്ത്യൻ പ്രധാനമ​ന്ത്രി രാജ്യത്ത് വാർത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്ത്‍വർഷം

Web Desk
|
3 Jan 2024 11:02 AM GMT

ഡോ.മൻമോഹൻ ​സിങ്ങാണ് അവസാനമായി ഇന്ത്യൻ മാധ്യമങ്ങളെ വാർത്താസമ്മേളനത്തിന് ക്ഷണിച്ച പ്രധാനമന്ത്രി

ന്യൂഡൽഹി: ഒരു ഇന്ത്യൻ പ്രധാനമ​ന്ത്രി രാജ്യത്ത് വാർത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്ത്‍വർഷം. ​നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പായിരുന്നു അത്. രണ്ടാം യു.പി.എ സർക്കാറിന്റെ അവസാനകാലത്ത് മൻമോഹൻ ​സിങ്ങാണ് രാജ്യത്ത് അവസാനമായി മാധ്യമങ്ങളെ വാർത്താസമ്മേളനത്തിന് ക്ഷണിച്ച പ്രധാനമന്ത്രി. മാധ്യമപ്രവർത്തകനായ പങ്കജ് പച്ചൗരി ഏക്സ് ൽ പങ്കുവെച്ച കുറിപ്പിലാണ് ചോദ്യങ്ങളെ ഭയന്ന പത്തുവർഷമാണ് കടന്നുപോയതെന്ന് ഓർമിപ്പിക്കുന്നത്.

പത്ത് വർഷം മുമ്പ് 2014 ജനുവരി 3 ന് ​മൻമോഹൻ സിങ്ങ് ക്ഷണിച്ച വാർത്താസമ്മേളനത്തിൽ നൂറിലധികം മാധ്യമപ്രവർത്തകരാണെത്തിയത്. 62 ചോദ്യങ്ങളാണ് ആ സദസിൽ നിന്ന് അന്ന് ഉയർന്നത്. സെൻസർ ചെയ്യപ്പെടാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാമെന്ന് സിങ്ങിന്റെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഉപദേശകൻ കൂടിയായിരുന്ന പങ്കജ് കുറിപ്പിൽ പങ്കുവെക്കുന്നു.

വാർത്താസമ്മേളനത്തിൽ ആമുഖമായി മൻമോഹൻ സിങ്ങ് സംസാരിച്ചപ്പോൾ തന്റെ സർക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും എടുത്ത് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുൾപ്പടെ വിവിധ മേഖലകളെ പരാമർശിച്ചിരുന്നുവെന്നും പച്ചൗരി പറയുന്നു.

2004-14 വരെയുള്ള മൻമോഹൻ സിങ്ങിന്റെ പത്ത് വർഷത്തെ ഭരണകാലത്തിനിടയിൽ അദ്ദേഹം 117 തവണ വാർത്താസമ്മേളനം നടത്തിയിട്ടുണ്ടെന്ന് പച്ചൗരിയുടെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് കോൺഗ്രസ് എംപി മനീഷ് തിവാരി വ്യക്തമാക്കി.

പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങ് അക്കാലത്ത് മാധ്യമങ്ങ​ളെ അഭിമുഖീകരിക്കുന്നില്ലെന്ന് ആരോപിച്ചവരാണ് കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിക്കുന്ന എൻ.ഡി.എ നേതാക്കളെന്ന് പച്ചൗരി പറയുന്നു. പത്തുവർഷത്തിനിടയിൽ നരേന്ദ്ര മോദി 2023 ലെ യുഎസ് സന്ദർശന വേളയിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ആദ്യമായി അഭിമുഖീകരിക്കുന്നത്. വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരുടെ രണ്ട് ചോദ്യങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ​മൻകീബാത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ് മോദി രാജ്യത്തെ കൂടുതലും അഭിമുഖീകരിക്കുന്നത്.

Similar Posts