ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് നാളെ പ്രഖ്യാപിച്ചേക്കും
|ബിജെപിക്കെതിരെ വിജയമുറപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളോടും മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും വേഗം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാനാണ് കോൺഗ്രസ് നീക്കം. ഭൂരിഭാഗം പിസിസികളും ഇതിനോടകം ഹൈക്കമാൻഡിന് ആദ്യ ഘട്ട പട്ടിക കൈമാറി. തർക്കങ്ങൾ ഇല്ലാത്തതും സിറ്റിംഗ് എംപിമാർ മത്സരിക്കുന്നതുമായ മണ്ഡലങ്ങൾ ആദ്യം പ്രഖ്യാപിക്കും.
നാളെ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കും. ഉത്തർപ്രദേശിലെ റായ് ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. റായ് ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സമ്മതം അറിയിച്ചതായാണ് സൂചന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 160000ഇൽ അധികം വോട്ടുകൾക്കാണ് സോണിയ ഗാന്ധി റായ് ബറേലി വിജയിച്ചത്.
ബിജെപിക്കെതിരെ വിജയമുറപ്പിക്കാൻ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കളോടും മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ മുൻമുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, ഭൂപീന്ദർ ഹൂഡ, കമൽനാഥ് തുടങ്ങിയ നേതാക്കളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതായാണ് സൂചന.