India
രാഷ്ട്രപതി സ്ഥാനാർത്ഥി: മമത വിളിച്ച പ്രതിപക്ഷ യോഗത്തിൽ  കോൺഗ്രസടക്കം 17 പാർട്ടി പ്രതിനിധികളെത്തി
India

രാഷ്ട്രപതി സ്ഥാനാർത്ഥി: മമത വിളിച്ച പ്രതിപക്ഷ യോഗത്തിൽ കോൺഗ്രസടക്കം 17 പാർട്ടി പ്രതിനിധികളെത്തി

Web Desk
|
15 Jun 2022 10:42 AM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മതേതരമുഖമുള്ള പൊതുസമ്മതനായ സ്ഥാനാർത്ഥിയെ നിർത്താനാണ് യോഗം

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മതേതരമുഖമുള്ള പൊതുസമ്മതനായ ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്താനായുള്ള യോഗത്തിൽ കോൺഗ്രസിന്റേതടക്കം 17 പാർട്ടി പ്രതിനിധികളെത്തി. മല്ലികാർജ്ജുൻ ഖാർഗെ,ജയറാം രമേഷ് രൻഡീപ് സുർജവാല (കോൺഗ്രസ്), അഖിലേഷ് യാദവ്(എസ്പി), ശരത് പവാർ, പിസി ചാക്കോ, പ്രഫുൽ പട്ടേൽ (എൻസിപി), പ്രിയങ്ക ചതുർവേദി(ശിവസേന), ടിആർ ബാലു( ഡിഎംകെ), ഇ.ടി മുഹമ്മദ് ബഷീർ(ലീഗ്), മനോജ് ജ (ആർജെഡി), എളമരം കരിം( സിപിഎം), എൻകെ പ്രേമചന്ദ്രൻ(ആർഎസ്പി), ബിനോയ് വിശ്വം (സിപിഐ), എച്ച്.ഡി ദേവഗൗഡ(ജെഡിഎസ്), ഒമർ അബുല്ല(ജെകെ എൻസി), മെഹബൂബ മുഫ്തി( ജെകെ പിഡിപി) എന്നിവരാണ് യോഗത്തിനെത്തിയത്.

ബിജെഡി, വൈഎസ്ആർസിപി, ആംആദ്മി, എഐഎംഐഎം, ടിആർഎസ് എന്നീ പാർട്ടികൾ വിട്ടുനിൽക്കുകയാണ്. മമത സ്വന്തം നിലക്ക് യോഗം വിളിച്ചതിൽ ചില പാർട്ടികൾക്ക് പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ഇത് മാറ്റിവെച്ച് പാർട്ടികൾ പങ്കെടുക്കുകയായിരുന്നു.



കോൺഗ്രസ് കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാവിനെയാണ് സ്ഥാനാർത്ഥിയായി നിർത്തുന്നതെങ്കിൽ പിന്തുണക്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്താൻ മമത തീരുമാനിച്ചത്. ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിലാണ് യോഗം നടക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പേര് പ്രതിപക്ഷ സ്ഥാനാർത്ഥിയായി ഉയർന്നുകേൾക്കുന്നുണ്ട്.


എൻ.സി.പി നേതാവ് ശരദ് പവാർ യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ തന്നെ ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് നിലവിൽ അത്തരത്തിലുള്ള തീരുമാനമില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. അതേസമയം, ചില പേരുകൾ പ്രതിപക്ഷ കൂട്ടായ്മയ്ക്കു മുൻപാകെ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പവാർ പ്രതിപക്ഷത്തിന്റെ 'പൊതുസമ്മത' സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു.

അതേസമയം, പ്രതിപക്ഷ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള നീക്കം ബി.ജെ.പിയിലും പുരോഗമിക്കുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കാണ് രാഷ്ട്രപതി സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട ചുമതല നൽകിയിരിക്കുന്നത്. വൈ.എസ്.ആർ അടക്കമുള്ള ചെറുകക്ഷികളുടെ പിന്തുണ തേടുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഇവർ നേതൃത്വം നൽകും. ഇതിനുശേഷമായിരിക്കും എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

Similar Posts