India
up bjp conflict
India

യു.പിയിൽ യോഗിക്കെതിരെ പടനീക്കം ശക്തം? മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിന്ന് മന്ത്രി, കേശവ് പ്രസാദുമായി ചർച്ച

Web Desk
|
23 July 2024 7:26 AM GMT

യോഗി വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്

ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വിട്ടുനിന്ന് മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തിരുന്നത്. അതേസമയം, യോഗിയുമായി ഇടഞ്ഞുനിൽക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയിൽ ചേർന്ന മറ്റൊരു യോഗത്തിൽ മന്ത്രി രാജ്ഭർ പ​ങ്കെടുക്കുകയും ചെയ്തു. യോഗി വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.

വാരാണസി, ജൗൻപുർ, ഭദോഹി, ചന്ദൗലി ജില്ലകളിലെ എം.എൽ.എമാരുടെ യോഗം വാരാണസിയിലെ സർക്യൂട്ട് ഹൗസിലാണ് തിങ്കളാഴ്ച യോഗി ആദിത്യനാഥ് വിളിച്ചുചേർത്തത്. സഹൂറാബാദിലെ എം.എൽ.എ എന്ന നിലയിൽ ഒ.പി. രാജ്ഭറും ഈ യോഗത്തിൽ പ​ങ്കെടുക്കേണ്ടതായിരുന്നു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയിൽ ലഖ്നൗവിൽ ചേർന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പ​ങ്കെടുക്കേണ്ടതിനാലാണ് യോഗി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വിട്ടുന്നതെന്ന് എസ്.ബി.എസ്.പി പാർട്ടി വിശദീകരിക്കുന്നുണ്ട്. ലഖ്നൗവിലെ യോഗത്തിൽ പ​ങ്കെടുക്കണമെന്ന് അധികൃതർ നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഒ.പി. രാജ്ഭറും കേവശ് പ്രസാദ് മൗര്യയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഇരുനേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ‘ഇന്ന് ലഖ്നൗവിൽ വെച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. നിരവധി കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു’ -ചിത്രത്തോടൊപ്പം ഒ.പി. രാജ്ഭർ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യോഗി ആദിത്യനാഥിനെതിരെ വലിയൊരു വിഭാഗം തന്നെ പടയൊരുക്കം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇതിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ പോയി മൗര്യ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടിരുന്നു. കൂടാതെ ഇദ്ദേഹം ഘടകകക്ഷികളിലെയും ബി.ജെ.പിയിലെയും എം.എൽ.എമാരെയും നിരവധി തവണ കണ്ടിട്ടുണ്ട്.

മൗര്യയുടെ സാമൂഹിക മാധ്യമ പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ‘സർക്കാറിനെക്കാൾ വലുതാണ് സംഘടന. പ്രവർത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാൾ വലുതല്ല ഒരാളും. പ്രവർത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പോസ്റ്റ് വരുന്നത്.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയ യോഗിയും മൗര്യയും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

2024​ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 80ൽ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ൽ 62 സീറ്റുകൾ നേടിയിരുന്നു. 2017ൽ യോഗി ആദിത്യനാഥ് യു.പി മുഖ്യമ​ന്ത്രിയായി ചുമതലയേൽക്കു​മ്പോൾ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

തെരഞ്ഞെടുപ്പ് പരാജയത്തിൽ സ​ർ​ക്കാ​റി​ന് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​​ന്റെ റി​പ്പോ​ർ​ട്ടും കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം വി​ല​യി​രു​ത്തു​ന്ന റി​പ്പോ​ർ​ട്ടി​ൽ യോ​ഗി സ​ർ​ക്കാ​റി​ന് ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണു​ള്ള​ത്. 40,000 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച്‌ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സംസ്ഥാന ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ഭൂ​പേ​ന്ദ്ര ചൗ​ധ​രി​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യ​ത്.

അ​യോ​ധ്യ​യി​ലും അ​മേ​ഠി​യി​ലും പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യും 40,000 പേ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. പ്ര​വ​ർ​ത്ത​ക​രി​ൽ അ​സം​തൃ​പ്തി​യും വി​യോ​ജി​പ്പും രൂ​ക്ഷ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂണ്ടിക്കാട്ടുന്നു. സ​ർ​ക്കാ​റി​ന്റെ ഏ​കാ​ധി​പ​ത്യ​ മ​നോ​ഭാ​വം, പ്ര​വ​ർ​ത്ത​ക​രി​ലെ അ​തൃ​പ്തി, തു​ട​ർ​ച്ച​യാ​യ ചോ​ദ്യ​പേ​പ്പ​ർ​ ചോ​ർ​ച്ച​, അഗ്നിവീർ പദ്ധതി എ​ന്നി​ങ്ങ​നെ നിരവധി കാരണങ്ങൾ തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Similar Posts