![ശഹീന്‍ബാഗിലെ പെണ്‍പോരാട്ടം ചിത്രങ്ങളിലൂടെ പറഞ്ഞ് ശഹീൻബാഗ്: എ ഗ്രാഫിക് റീകളക്ഷൻ ശഹീന്‍ബാഗിലെ പെണ്‍പോരാട്ടം ചിത്രങ്ങളിലൂടെ പറഞ്ഞ് ശഹീൻബാഗ്: എ ഗ്രാഫിക് റീകളക്ഷൻ](https://www.mediaoneonline.com/h-upload/2021/07/01/1233929-image216228129556041622813002493.webp)
ശഹീന്‍ബാഗിലെ പെണ്‍പോരാട്ടം ചിത്രങ്ങളിലൂടെ പറഞ്ഞ് 'ശഹീൻബാഗ്: എ ഗ്രാഫിക് റീകളക്ഷൻ'
![](/images/authorplaceholder.jpg?type=1&v=2)
ശഹീൻബാഗ് സമരത്തിൽ പങ്കാളികളായ സ്ത്രീകളുമായി സംസാരിച്ചും അഭിമുഖം നടത്തിയുമാണ് പുസ്തകം തയ്യാറാക്കിയത്.
സി.എ.എ വിരുദ്ധ സമരത്തിലെ പെൺപോരാട്ടത്തിന്റെ കഥ ചിത്രങ്ങളിൽ കൂടി പരിചയപ്പെടുത്തുന്ന പുസ്തകം 'ശഹീൻബാഗ്: എ ഗ്രാഫിക് റീകളക്ഷൻ' ശ്രദ്ധേയമാകുന്നു. വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ ശഹീൻബാഗിൽ നടത്തിയ സമരത്തിന്റെ ദൃശ്യാവിഷ്കാരമാണ് പുസ്തകം. ചിത്രകാരിയും ഗവേഷകയുമായ ഇത മെഹ്രോത്രയാണ് വിശ്വപ്രസിദ്ധമായ ശഹീൻബാഗ് സമരത്തിന്റെ കഥ ചിത്രങ്ങളിലൂടെ വരച്ചുകാട്ടിയത്.
![](https://www.mediaoneonline.com/h-upload/2021/07/01/1233928-bookcoversb1622813192894.webp)
ശഹീൻബാഗ് സമരത്തിൽ പങ്കാളികളായ സ്ത്രീകളുമായി സംസാരിച്ചും അഭിമുഖം നടത്തിയുമാണ് ചിത്രങ്ങൾ ഒരുക്കിയതെന്ന് ഇത മെഹ്രോത്ര ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 2019 അവസാനത്തോടെ ഡൽഹിയിൽ ആരംഭിച്ച ശഹീൻബാഗ് സമരം, കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020 ഫെബ്രുവരിൽ നിർത്തിവെക്കുകയായിരുന്നു. യോദ്ധ പ്രസ് ആണ് പുസ്തകം പുറത്തിറക്കിയത്.
101 ദിവസങ്ങൾ നീണ്ടു നിന്ന ശഹീൻബാഗ് സമരം ജനാധിപത്യ പോരാട്ടങ്ങളിലെ അവിസ്മരണീയമായ ഏടാണെന്ന് ഇത മെഹ്രോത്ര പറയുന്നു. സ്ത്രീകളുടെ സമരഭൂമിയിലുള്ള വ്യാഖ്യാനങ്ങൾക്ക് ശഹീൻബാഗ് തിരുത്താവുകയായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ശഹീൻബാഗ് സമരം വലിയ ശ്രദ്ധ നേടി. ചില ദിനങ്ങളിൽ സമര സ്ഥലത്ത് ആയിരങ്ങൾ ഒത്തുകൂടുമെങ്കിലും, എല്ലായിപ്പോഴും പോരാടുന്നവരായി ഉണ്ടായിരുന്നത് ശഹീൻബാഗിലെ സ്ത്രീകളായിരുന്നുവെന്നും ഇത പറഞ്ഞു.
മുമ്പെങ്ങുമില്ലാത്ത വിധം മുസ്ലിം സ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്ത ചരിത്ര മുഹൂർത്തമായിരുന്നു ശഹീൻബാഗ്. ശഹീൻബാഗിലെയും ഡൽഹി ജമാമസ്ജിദിലെയും സ്ത്രീ പ്രതിഷേധക്കാരുമായി നടത്തിയ സംസാരങ്ങളിൽ നിന്നും, സി.എ.എയ്ക്ക് പുറമെ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ആൾക്കൂട്ടക്കൊലകളെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമെല്ലാം അവർ കാര്യങ്ങൾ വിശദീകരിച്ചു. സമരം നിർത്തിവെച്ചതിന് ശേഷം, നേരിട്ടുള്ള അഭിമുഖങ്ങൾക്ക് പുറമെ പലയിടത്തുനിന്നും ലഭിച്ച ചിത്രങ്ങളും വാർത്തകളും പുസ്തകത്തിനായി പ്രയോജനപ്പെടുത്തിയതായും ഇത മെഹ്രോത്ര പറഞ്ഞു.
![](https://www.mediaoneonline.com/h-upload/2021/07/01/1233925-screen-shot-2021-05-16-at-104947-am.webp)
![](https://www.mediaoneonline.com/h-upload/2021/07/01/1233926-mehrotra-bd.webp)
![](https://www.mediaoneonline.com/h-upload/2021/07/01/1233927-sm5.webp)