പുതിയ രാജാവിന് പ്രവേശനം നിഷേധിച്ചു; രാജസ്ഥാൻ കൊട്ടാരത്തിൽ കുടുംബകലഹം
|ബിജെപി എംഎൽഎ കൂടിയായ രാജാവിന്റെ അനുയായികൾ കൊട്ടാരത്തിലേക്ക് കല്ലെറിയുകയായിരുന്നു
രാജസ്ഥാൻ: ഉദയ്പൂർ കൊട്ടാരത്തിൽ കുടുംബ കലഹത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ബിജെപി എംഎൽഎ വിശ്വരാജ് സിങ് മേവാറിനും അനുയായികൾക്കും പ്രവേശനം നിഷേധിച്ചതാണ് സംഘർഷത്തിന് കാരണം. വിശ്വരാജിന്റെ അമ്മാവൻ അരവിന്ദ് സിങ് മേവാറും അദ്ദേഹത്തിന്റെ മകൻ ലക്ഷയ് രാജ് സിങും നേതൃത്വം നൽകുന്ന ട്രസ്റ്റിനാണ് നിലവിൽ കൊട്ടാരത്തിന്റെ മേൽനോട്ടം. മേവാർ കുടുംബത്തിലെ 77-ാമത്തെ മഹാറാണയായി വിശ്വരാജ് സിങ് മേവാറിന്റെ കിരീടധാരണത്തിന് പിന്നാലെയായിരുന്നു സംഘർഷം. വിശ്വരാജുമായി അകന്ന് കഴിയുന്ന അരവിന്ദ് സിങ് മേവാറിന്റെ എതിർപ്പ് നിലനിൽക്കെയായിരുന്നു കിരീടധാരണം നടന്നത്. കൊട്ടാരത്തിന് പുറത്തെത്തിയ വിശ്വരാജ് സിങിനെയും അനുയായികളെയും കൊട്ടാരത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു.
പിതാവ് മഹേന്ദ്ര സിങ് മേവാറിന്റെ മരണത്തിന് പിന്നാലെയാണ് വിശ്വരാജ് സിങിനെ മഹാറാണയായി കിരിടോധാരണം ചെയ്തത്. മേവാറിലെ 77മത് മഹാറാണയാണ് വിശ്വരാജ് സിങ്. കിരീടധാരണത്തിന് ശേഷം കൊട്ടാരത്തിനുള്ളിലെ ധുനി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചടങ്ങുണ്ട്. ബന്ധുക്കൾ വിശ്വരാജ് കൊട്ടാരത്തിൽ പ്രവേശിക്കുന്നത് വിലക്കുകയായിരുന്നു. ഇതിന് പിന്നാലെ വിശ്വരാജിന്റെ അനുയായികൾ കൊട്ടാരത്തിന് നേരെ കല്ലെറിയുകയായിരുന്നു. ധുനി ക്ഷേത്രത്തിലെ നടപ്പാതയുടെ അവകാശം തർക്കത്തിലാണ്. വിഷയം കോടതിയിൽ നിലനിൽക്കെ പ്രദേശത്ത് കടക്കാൻ അനുവദിക്കില്ലായിരുന്ന കൊട്ടാരം നടത്തിപ്പാവകാശമുള്ള അരവിന്ദ് സിങ് മേവാറിന്റെ വാദം.
കല്ലേറിനെതിരെ കൊട്ടാരത്തിനകത്തുള്ളവരും രംഗത്തുവന്നതോടെ സംഘർഷം കൂടുതൽ വഷളാവുകയായിരുന്നു. പുറത്തുള്ള രാഷ്ട്രീയ നേതാക്കളും രാജകുടുംബവും തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിനകം വഷളായ പ്രശ്നം ഇതോടെ കൂടുതൽ ഗുരുതരമാവുകയാണ്. സംഘർഷാവസ്ഥ ലഘൂകരിച്ചെന്ന് ജില്ലാ കലക്ടറായ അരവിന്ദ് കുമാർ പൊസ്വാൽ പറഞ്ഞു. രണ്ട് കൂട്ടരുമായി ചർച്ച നടത്തുകയാണെന്നും ചില കാര്യങ്ങളിൽ ഒത്തുതീർപ്പുണ്ടായെന്നും മറ്റ് ചില കാര്യങ്ങൾ ചർച്ചയിലാണെന്നും അദേഹം വ്യക്തമാക്കി.