India
All India Kashmiri Hindu Forum merges to congress
India

‘ബി.ജെ.പി ഞങ്ങളെ ചൂഷണം ചെയ്തു’; കശ്മീരി പണ്ഡിറ്റുകളുടെ സംഘടന കോൺഗ്രസിൽ ലയിച്ചു

Web Desk
|
13 April 2024 3:30 PM GMT

‘മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു’

ജമ്മു: കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ ഓൾ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (എ.ഐ.കെ.എച്ച്.എഫ്) കോൺഗ്രസിൽ ലയിച്ചു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാർ റസൂൽ വാനി എ.ഐ.കെ.എച്ച്.എഫ് ചെയർമാൻ രത്തൻ ലാൽ ഭാനിനെയും മറ്റു ഭാരവാഹികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

1998ലാണ് എ.ഐ.കെ.എച്ച്.എഫ് രൂപീകരിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ ചേരുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് വികാർ റസൂൽ വാനി പറഞ്ഞു. എല്ലാ കശ്മീരി പണ്ഡിറ്റ് സംഘടനകളോടും അദ്ദേഹം പാർട്ടിയിൽ ചേരാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പണ്ഡിറ്റ് സമുദായത്തെ വിഡ്ഢികളാക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്താൻ ബി.ജെ.പി രാജ്യത്തുടനീളം പണ്ഡിറ്റുകളുടെ ദുരവസ്ഥ പറഞ്ഞുനടന്നു. അവരുടെ പുനരധിവാസത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം നൽകി. അവർക്ക് പ്രതീക്ഷകൾ നൽകി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും 10 പൈസയുടെ കാര്യം പോലും അവർക്കായി ചെയ്തിട്ടില്ലെന്നും വാനി പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാലാണ് തന്റെറെ സംഘടന കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാൽ ഭാൻ പറഞ്ഞു. തങ്ങളുടെ കുടുംബത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ്. ബി.ജെ.പി പണ്ഡിറ്റുകളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. തങ്ങൾക്കായി അവർ ഒന്നും ചെയ്തില്ലെന്നും ഭാൻ കൂട്ടിച്ചേർത്തു.

Similar Posts