India
ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നു, ഷാജഹാൻ അത് കൈവശപ്പെടുത്തി: ബി.ജെ.പി എംപി
India

ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നു, ഷാജഹാൻ അത് കൈവശപ്പെടുത്തി: ബി.ജെ.പി എംപി

Web Desk
|
11 May 2022 12:39 PM GMT

താജ്മഹലിലെ സീൽ ചെയ്ത ഭാഗങ്ങൾ തുറക്കണം, അവിടെ എന്താണ് ഉണ്ടായിരുന്നത്, എന്താണ് ഇല്ലാതിരുന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദിയാകുമാരി

ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ ഭൂമി പിന്നീട് കൈവശപ്പെടുത്തുകയായിരുന്നുവെന്ന വാദവുമായി ജയ്പൂർ രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി. ഇതോടെ താജ്മഹൽ ഭൂമിയിൽ അവകാശവാദമുന്നയിച്ചിരിക്കുകയാണ് ബിജെപി എംപി. തന്റെ വാദം തെളിയിക്കുന്ന തക്കതായ രേഖകൾ കൈവശമുണ്ടെന്നും എംപി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അവരുടെ പരാമർശം.

രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി ലോക്സഭാ എംപിയാണ് ദിയാകുമാരി. ''ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകും, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണ്''- ദിയാ കുമാരി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹരജി നൽകിയത് നല്ല കാര്യമായി കാണുന്നുവെന്നും തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാൽ കോടതിക്കു കൈമാറുമെന്നും അലഹബാദ് ഹൈക്കോടതിയിലെ കേസ് പരാമർശിച്ചുകൊണ്ട് ദിയാകുമാരി പറഞ്ഞു.

താജ്മഹൽ പരിസരത്തെ 20-ലധികം മുറികളുടെ അടച്ചിട്ട വാതിലുകൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമ ചുമതലയുള്ള ഡോ രജനീഷ് സിംഗ് ഹരജി സമർപ്പിച്ചിരുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ സാന്നിധ്യം അവിടെയുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നാളെയാണ് കേസ് പരിഗണിക്കുന്നത്.

അതേ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നോവെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ രേഖകൾ വിശദമായി പഠിച്ചിട്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി. എന്നാൽ ഭൂമി തങ്ങളുടേതാണെന്ന് അവർ ആവർത്തിക്കുകയും ചെയ്തു. താജ്മഹലിലെ സീൽ ചെയ്ത ഭാഗങ്ങൾ തുറക്കണം, അവിടെ എന്താണ് ഉണ്ടായിരുന്നത്, എന്താണ് ഇല്ലാതിരുന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദിയാകുമാരി വ്യക്തമാക്കി. രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

Similar Posts