India
രാജ്യത്തെ സാഹചര്യത്തിന് ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനം: അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം
India

രാജ്യത്തെ സാഹചര്യത്തിന് ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനം: അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം

Web Desk
|
25 Feb 2022 9:49 AM GMT

രാഹുൽ ഗാന്ധി എംപി കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അമേഠിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

രാജ്യത്ത് ഇപ്പോഴുള്ള സാഹചര്യത്തിന് ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനമാണെന്നും നിങ്ങളുടെ സമ്മതിദാനാവകാശം വലിയ കടമയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുൽ ഗാന്ധി എംപി കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അമേഠിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ ഉചിത തീരുമാനമെടുത്തിൽ അടുത്ത അഞ്ചുവർഷം നിങ്ങൾ ഖേദിക്കേണ്ടി വരുമെന്നും ഇത് നിങ്ങളുടെ വികസനത്തിനായുള്ള സമയമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രിയങ്ക പ്രതികരിച്ചു. യുക്രൈനിലെ യുദ്ധ സാഹചര്യവും യു.എസ് പ്രസിഡൻറിന്റെ ചുമയും അദ്ദേഹത്തിനറിയാമെന്നും എന്നാൽ കർഷകരുടെ പ്രശ്‌നങ്ങൾ അറിയില്ലെന്നും അവർ പരിഹസിച്ചു. കഴിഞ്ഞ അഞ്ചുവർഷം അദ്ദേഹം എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.

നെഹ്‌റു കുടുംബത്തിലെ നാലു പേർ പ്രതിനിധീകരിച്ച അമേഠി 2019 തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നഷ്ടമായത്. രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. 2004 മുതൽ രാഹുൽ ഗാന്ധി തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ 40000ത്തിൽ പരം വോട്ടുകൾക്കാണ് സ്മൃതി വിജയിച്ചത്. വയനാട്ടിൽ നിന്നുള്ള രണ്ടാം സീറ്റിൽ നിന്നാണ് രാഹുൽ ലോക്‌സഭയിലെത്തിയത്. അമേഠിയിൽ നിന്നും പരാജയപ്പെട്ട രണ്ടാമത്തെ ഗാന്ധി കുടുംബാംഗമാണ് രാഹുൽ ഗാന്ധി. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി ഇവിടെ നിന്ന് പരാജയപ്പെട്ടിരുന്നു. ബി.എൽ.ഡിയുടെ രവീന്ദ്ര പ്രതാപ് സിംഗിനോടായിരുന്നു സഞ്ജയ് പരാജയപ്പെട്ടത്. തുടർന്ന് 1980ൽ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. 1998ൽ ബി.ജെ.പിയുടെ സഞ്ജയ് സിംഗിനോട് പരാജയപ്പെട്ട ക്യാപ്റ്റൻ സതീഷ് ശർമയാണ് മണ്ഡലത്തിൽ നിന്നും ചുവട് പിഴച്ച അവസാന കോൺഗ്രസ് സ്ഥാനാർഥി.

അമേഠിയിൽ ഗാന്ധിയെ 'മിസ്സിംഗ് എം.പി' എന്ന് വിശേഷിപ്പിച്ചായിരുന്നു സ്മൃതി ഇറാനി പ്രചാരണം നടത്തിയിരുന്നത്. കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പര്യടനം നടത്തിയിരുന്ന രാഹുലിന് വേണ്ടി പ്രിയങ്കാ ഗാന്ധിയായിരുന്നു അമേഠിിൽ പ്രചാരണം നടത്തയിരുന്നത്. 2014ലും സ്മൃതി ഇറാനി തന്നെയാണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തോട് അടുപ്പിച്ചാക്കാൻ സ്മൃതിക്ക് കഴിഞ്ഞിരുന്നു. രാഹുലുമായി കടുത്ത പോരാട്ടം നടത്തിയതിന്റെ പ്രതിഫലമെന്നോണം സ്മൃതി ഇറാനി പിന്നീട് രാജ്യസഭാംഗമാവുകയും കേന്ദ്ര മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തിരുന്നു. 2014 മുതൽ അമേഠിയിൽ കേന്ദ്രീകരിച്ചാണ് സ്മൃതി ഇറാനി പ്രവർത്തിച്ചിരുന്നത്.

ആദ്യ എംപി വിദ്യാധർ ബാജ്‌പേയ് മുതൽ മണ്ഡലത്തെ 13 തവണ പ്രതിനിധീകരിച്ചത് കോൺഗ്രസ് പാർട്ടി അംഗങ്ങളാണ്. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ അമേഠിയിലെത്തിയിരുന്നു. വിവിധയിടങ്ങളിൽ പ്രവർത്തകരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

The people who voted blindly responsible for the situation in the country: Priyanka Gandhi's speech in Amethi

Similar Posts