India
The plight of women in the country will be reversed; Sonia Gandhi,loksabha elections 2024,mahalakshmi scheme,latest news,
India

രാജ്യത്തെ സ്‍ത്രീകളുടെ മോശം അവസ്ഥ കോൺഗ്രസ് മാറ്റിയെടുക്കും; സോണിയ ഗാന്ധി

Web Desk
|
13 May 2024 6:50 AM GMT

അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോൺഗ്രസ് ശാക്തീകരിച്ചെന്നും സോണിയ വീഡിയോ സന്ദേശത്തില്‍

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം നടക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളെ അഭിസംബോധന ചെയ്ത് കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കോൺ​ഗ്രസ് മുന്നോട്ടുവെക്കുന്ന പദ്ധതികളുമായാണ് സോണിയ വീഡിയോ വഴി സന്ദേശം നൽകിയത്.

സ്വാതന്ത്ര്യസമരത്തിലും ആധുനിക ഇന്ത്യയുടെ സൃഷ്ടിയിലും സ്ത്രീകൾ നൽകിയ സംഭാവനകള്‍ പ്രശംസനീയമാണ്. തങ്ങളുടെ പാർട്ടി അങ്ങനെയുള്ള സ്ത്രീകള്‍ക്കൊപ്പമാണ്. പ്രയാസകരമായ സമയങ്ങളിൽ അവർക്കൊപ്പം നില്‍ക്കുമെന്നും അവരുടെ മോശം അവസ്ഥയെ മാറ്റിയെടുക്കുമെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് കടുത്ത വിലക്കയറ്റത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കോൺഗ്രസ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുമെന്നും സോണിയ പറഞ്ഞു.

“ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബത്തിലെ സ്ത്രീക്ക് ഓരോ വർഷവും ഒരു ലക്ഷം രൂപ നൽകും. ഞങ്ങളുടെ ഉറപ്പുകൾ ഇതിനകം കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെയും തെലങ്കാനയിലെയും കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോൺഗ്രസ് ശാക്തീകരിച്ചു “. കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും പുതിയ ഉറപ്പാണ് മഹാലക്ഷ്മിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

കർണാടകയിലെ ഗൃഹലക്ഷ്മി പദ്ധതിക്ക് ശേഷം കോൺഗ്രസിൻ്റെ അഞ്ച് ഉറപ്പുകളിൽ ഒന്നാണ് മഹാലക്ഷ്മി. സോണിയയുടെ വീഡിയോ രാഹുല്‍ ഗാന്ധിയും എക്സില്‍ പങ്കുവെച്ചു. "നിങ്ങളുടെ ഒരു വോട്ട് പ്രതിവർഷം നിങ്ങളുടെ അക്കൗണ്ടിലെത്തുന്ന ഒരു ലക്ഷം രൂപയ്ക്ക് തുല്യമാണ്."കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് മഹാലക്ഷ്മി പദ്ധതി വലിയ ആശ്വാസമാകുെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മാസവും 8,500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതോടെ, ഇന്ത്യയിലെ സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസത്തില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ, “നുണകളുടെയും വിദ്വേഷത്തിൻ്റെയും വക്താക്കളെ തള്ളിക്കളയാനും” ശോഭനവും തുല്യവുമായ ഭാവിക്കായി കോൺഗ്രസിനെ തിരഞ്ഞെടുക്കാനും സോണിയാ ഗാന്ധി വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അധികാരം നേടുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ ആരോപിച്ചിരുന്നു.

ശാരീരിക അവശതകള്‍ നേരിടുന്ന സോണിയ ഇത്തവണ ഓൺലൈനായാണ് പ്രചരണം നടത്തുന്നത്. 25 വർഷത്തോളം ലോക്‌സഭാംഗമായി സേവനമനുഷ്ഠിച്ച സോണിയാ ഗാന്ധി ആരോഗ്യവും പ്രായാധിക്യവും കാരണം ഈ വർഷമാണ് രാജ്യസഭയിലേക്ക് മാറിയത്.

Similar Posts