'ആ പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പൊലീസും സർക്കാരുമാണ് ഉത്തരവാദികള്‍'; ബജ്രംഗ് പുനിയ
|ഡബ്ല്യു.എഫ്.ഐയിൽ നിന്നുള്ള ചിലർ പരാതിക്കാരെ സമീപിച്ച് അവർക്ക് പണം വാഗ്ദാനം ചെയ്തെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു
ഡൽഹി: പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷന്‍ മുൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം തുടരുകയാണ്. സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ബജ്രംഗ് പുനിയ. ഡബ്ല്യു.എഫ്.ഐയിൽ നിന്നുള്ള ചിലർ പരാതിക്കാരെ സമീപിച്ചെന്നും അവർക്ക് പണം വാഗ്ദാനം ചെയ്തെന്നും ബജ്രംഗ് പുനിയ ആരോപിച്ചു. ആ പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പൊലീസും സർക്കാരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ നടപടി വേണമെന്നും അതുവരെ സമരം തുടരുമെന്നും ബജ്രംഗ് പുനിയ. കോടതിയിൽ വിശ്വാസമുണ്ടെന് വിനേശ് ഫോഗട്ടും പ്രതികരിച്ചു.
ആനി രാജയുടെ നേത്യത്വത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ കമ്മീഷണർ ഓഫീസിലേക്ക് ഗുസ്തി താരങ്ങൾ മാർച്ച് നടത്തി. എന്നാൽ ഡൽഹി പൊലീസ് കമ്മീഷണറെ കാണാൻ ശ്രമിച്ച ആനി രാജയെയും സംഘത്തെയും പൊലീസ് തടഞ്ഞു. ബ്രിജ്ഭൂഷണെതിരായ പരാതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ ഉന്നയിക്കപ്പെട്ടിരുന്നു. ഗുസ്തി താരങ്ങൾക്കായി കപിൽ സിബലാണ് ഹാജരായത്. പരാതിയുടെ പകർപ്പും മറ്റ് രേഖകളും കോടതിക്ക് നൽകി കപിൽ സിബൽ സംഭവത്തിൽ കേസെടുക്കാത്തതിന് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ആരോപണം ഗുരുതരമാണെന്ന് എന്ന് സുപ്രീംകോടതി വിലയിരുത്തുകയും ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. പരാതിക്കാരുടെ പേരുകൾ രഹസ്യമായിരിക്കണമെന്നും പേരുകൾ മായിച്ചശേഷമുള്ള ഭാഗമേ പൊതുമധ്യത്തിൽ ഉണ്ടാകാവു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ഗൗരവതരമാണെന്നും നീതി ലഭിക്കുന്നത് വരെ ഗുസ്തി താരങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ആനി രാജ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ടും കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർസിംഗ് ഹൂഡയും സമര പന്തലിൽ എത്തിയിരുന്നു. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെയും, ബ്രിജ് ഭൂഷന്റെയും കോലം കത്തിച്ചു. ഹരിയാനയിലെ ഉചാനയിലാണ് കർഷകർ പ്രതിഷേധിച്ചത്.