ഉപമുഖ്യമന്ത്രി പദം; മോദി വിളിച്ചു, ഫഡ്‌നാവിസ് വഴങ്ങി
|ഫഡ്‌നാവിസ് ശ്രദ്ധാപൂർവം രാഷ്ട്രീയ നീക്കങ്ങൾ നടത്തിയില്ലായിരുന്നുവെങ്കിൽ മഹാരാഷ്ട്രയിൽ അട്ടിമറി സംഭവിക്കില്ലായിരുന്നുവെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ വിളിച്ചതിനു ശേഷമാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാൻ തയ്യാറായതെന്ന് ബിജെപിയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്ററിൽ ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. മഹാരാഷ്ട്രയിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും ഫഡ്‌നാവിസിന് വ്യക്തമായ ധാരണയുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തീരുമാനം പുനഃപരിശോധിക്കാൻ ഫഡ്നാവിസിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായി ബിജെപി നേതാവ് എ.എൻ.ഐയോട് പറഞ്ഞു. ''ഫഡ്‌നാവിസ് നേരും നെറിയുമുള്ള രാഷ്ട്രീയ നേതാവാണ്, അദ്ദേഹം അണികളിൽനിന്ന് ഉയർന്നു വന്നയാളാണ്, അദ്ദേഹത്തിന്റെ പ്രവർത്തനം മഹാരാഷ്ട്രാ സർക്കാറിന് മുതൽകൂട്ടായിരിക്കും''- ബിജെപി നേതാവ് കൂട്ടിച്ചേർത്തു. ഫഡ്‌നാവിസ് ശ്രദ്ധാപൂർവം രാഷ്ട്രീയ നീക്കങ്ങൾ നടത്തിയില്ലായിരുന്നുവെങ്കിൽ മഹാരാഷ്ട്രയിൽ അട്ടിമറി സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനെ അട്ടിമറിക്കുന്നതിൽ ഫഡ്‌നാവിസിന്റെ കൃത്യമായ ഇടപെടലുണ്ടായെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിക്കാനുള്ളതിനാൽ ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം ഒഴിവാക്കി മഹാരാഷ്ട്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.